സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു;വിമാനം ദുബൈയില്‍ അടിയന്തരമായി ഇറക്കി

Untitled-1 copyദുബൈ: ദുബൈയില്‍ നിന്ന്‌ പറന്നുയര്‍ന്ന സ്‌പൈസ്‌ ജെറ്റ്‌ വിമാനം ചക്രം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്‌ അടിയന്തിരമായി ഇറക്കി. മലയാളികള്‍ ഉള്‍പ്പെടെ 180 ഓളം യാത്രക്കാരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. യാത്രക്കാരെയും കൊണ്ട്‌ രണ്ട്‌ മണിക്കൂറോളം വിവമാനം ആകാശത്ത്‌ വട്ടമിട്ട്‌ പറന്ന ശേഷമാണ്‌ ദുബൈലെ തന്നെ മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കിയത്‌. അതെസമയം യാത്ര മുടങ്ങിയ യാത്രക്കാരോട്‌ അധികൃതര്‍ മോശമായി പെരുമാറിയതായും പരാതിയുയര്‍ന്നിട്ടുണ്ട്‌. പകരം വിവമാനം ലഭിക്കാതെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടങ്ങിക്കിടക്കുകയാണ്‌.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‌ മുംബൈയിലേക്ക്‌ പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ്‌ വിമാനമാണ്‌ വലിയ ദുരന്തത്തില്‍ നിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. ടെര്‍മിനല്‍ ഒന്നില്‍ നിന്ന്‌ ശനിയാഴ്‌ച പുലര്‍ച്ചെ നാലിന്‌ പുറപ്പെടേണ്ടിയിരുന്ന എസ്‌ ജി 8114 ബോയിങ്‌ വിമാനം 5.15 നാണ്‌ പറന്നുയര്‍ന്നത്‌. വിമാനത്തിന്റെ പിന്‍ഭാഗത്തെ വലത്‌ ചക്രമാണ്‌ പൊട്ടിത്തെറിച്ചത്‌.

യാത്രമുടങ്ങിയവര്‍ക്ക്‌ പകരം സംവിധാനം ഏര്‍പ്പെടുത്താനോ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗര്യങ്ങള്‍ ഒരുക്കുന്നതിലോ സ്‌പൈസ്‌ ജെറ്റ്‌ അധികൃതര്‍ അലംഭാവം കാട്ടിയതായി യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ അവര്‍ക്ക്‌ ഭക്ഷണം ലഭിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് പുതിയ വിമാനം വന്നതിന് ശേഷം, ശനിയാഴ്ച വൈകീട്ട് പുറപ്പെടുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചത്. എന്നാല്‍, ആ സര്‍വീസും മുടങ്ങി. പിന്നീട് ഞായറാഴ്ച രാവിലെ നാലിനുള്ള വിമാനത്തില്‍ ഇവരെ കൊണ്ടു പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ അടിയന്തരമായി നാട്ടിലെത്തേണ്ട 30 ഓളം പേര്‍ സ്പൈസ് ജെറ്റ് ടിക്കറ്റ് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്രയായി. റദ്ദാക്കിയ ടിക്കറ്റ് തുക പത്ത് ദിവസം കഴിഞ്ഞ് തരാമെന്നാണ് വിമാന കമ്പനി അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ബാക്കിയുള്ളവര്‍ സ്പൈസ് ജെറ്റ് വിമാനത്തിന് തന്നെ കാത്തിരിക്കുകയാണ്.