സിഖ് വിരുദ്ധ കലാപം;സോണിയാ ഗാന്ധിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പ് യുസ് കോടതി ആവശ്യപ്പെട്ടു

sonia-gandhiദില്ലി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഎസ് കോടതി കോണ്‍ഗ്രസ് ഉാധ്യക്ഷ സോണിയാ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 7 ന് മുമ്പായി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഈ കേസില്‍ സോണിയക്ക് നേരത്തെ കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് തനിക്ക് കിട്ടിയിട്ടില്ലെന്നും സമന്‍സ് അയച്ച സമയത്ത് യുഎസില്‍ താന്‍ ഇല്ലായിരുന്നെന്നും സോണിയ കോടതിയെ അറിയിച്ചു. തനിക്കെതിരായ സിഖ് വിരുദ്ധ കലാപക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സോണിയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സോണിയ സമന്‍സ് അയച്ച സമയത്ത് യുഎസില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനാണ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് വിരുദ്ധ കലാപങ്ങളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സുകാരെ സംരക്ഷിച്ചുവെന്നാരോപിച്ചാണ് അമേരിക്കയിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന സോണിയക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.