ഷാജിയുടെ അവയവങ്ങള്‍ ഇനി ആറ് പേരിലൂടെ ജീവിക്കും

shajiകൊച്ചി : അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജി (44)യുടെ അവയവങ്ങള്‍ ഇനി ആറു പേരിലൂടെ ജീവിക്കും. ഹൃദയവും കരളും, വൃക്കകളും, നേത്രപടലങ്ങളും ആണ് ദാനം ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് തന്റെ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാജിയെ ഇരവുകാട് വെച്ച് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. ഇവിടെ വെച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഷാജിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിനുള്ള സമ്മതം ആശുപത്രി അധീകൃതരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇതെ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശിക്കാണ് ഷാജിയുടെ കരള്‍ നല്‍കിയത്. വൃക്ക ഇതേ ആശുപത്രിയിലെ ഇരിങ്ങാലക്കുട സ്വദേശിക്കും മറ്റൊരു വൃക്കയും ഹൃദയവും കൊച്ചിയിലെ മറ്റ് രണ്ട് ആശുപത്രികളിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. നേത്രപടലങ്ങള്‍ അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

21 വര്‍ഷമായി പോലീസില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഷാജി. പരേതരായ നാരായണന്റെയും ജഗദമ്മയുടെയും മകനാണ് ഷാജി. ഭാര്യ ലെനിമോള്‍, മക്കള്‍ : ശ്രീലക്ഷ്മി, ശ്രീദേവ്, സഹോദരന്‍: മണിയന്‍