പട്ടികവിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ; ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

LOKSABHAദില്ലി: പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി നിയന്ത്രിക്കാനുള്ള ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. തോട്ടിപ്പണിയെടുക്കല്‍, ജന്തുക്കളുടേതടക്കമുള്ളവയുടെ ജഡം ചുമക്കല്‍ തുടങ്ങിയ തരത്തിലുള്ള കാര്യങ്ങളില്‍ പട്ടിക വിഭാഗത്തിലുള്ളവരെ നിര്‍ബന്ധിക്കുന്നതിന്‌ കടുത്ത ശിക്ഷയാണ്‌ പുതിയ ഭേദഗതിയിലൂടെ നിര്‍ദേശിക്കുന്നത്‌. ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ കോടതിയും രൂപികരിക്കും.

പട്ടികവിഭാഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നടപടിയില്‍ ഏതെങ്കിലും തരത്തില്‍ വീഴ്‌ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒരുവര്‍ഷം തടവും പിഴയും വരെ ശിക്ഷ ലഭിക്കുമെന്നും ഈ പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ വിഭാഗത്തില്‍പ്പെടുന്ന സ്‌ത്രീകള്‍ക്കു നേരെയുള്ള അധിക്രമങ്ങള്‍ തടയുന്നതിനായുള്ള ശിക്ഷാ നടപടയിയും ഈ നിയമത്തിലുണ്ട്‌.

അനുവാദമില്ലാതെ ശരീരത്തില്‍ സ്‌പര്‍ശിക്കുക, ലൈംഗിക ചുവയോടെയുള്ള ആംഗ്യം,സംസാരിക്കല്‍, വാക്കുകള്‍ ഇവയെല്ലാം പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്‌. എംപിമാരെ പുറത്താക്കിയതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുന്നതിനിടയിലാണ്‌ സഭ ഈ പുതയ ബില്‍ പാസാക്കിയത്‌.