സൗദിയെ കോടതി കയറ്റും ഖത്തര്‍

ദോഹ: ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ കോടതികയറ്റാനുള്ള നടപടികളുമായി ഖത്തര്‍. ഇതിനായി ഖത്തര്‍ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനാണ്(എന്‍.എച്ച്.ആര്‍.സി) ഇതിനുള്ള ശ്രമം തുടങ്ങിയത്. സ്വിറ്റസര്‍ലാന്റിലെ നിയം കമ്പനിയുടെ സഹകരണം ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും യാത്രാ മാര്‍ഗങ്ങള്‍ തടയുകയും അതിര്‍ത്തി അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തിനും പൗരന്‍മാര്‍ക്കും ഉണ്ടായ നഷ്ടം ഈടാക്കാതെ സൗദിയെയും യുഎഇയെയും ബഹ്‌റൈനെയും വിടില്ലെന്ന നിലപാടിലാണ് ഖത്തര്‍. ഇതിനായി വിദേശരാജ്യങ്ങളിലും ജിസിസി രാജ്യങ്ങളിലും കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വിദേശ നിയമ കമ്പനിയുടെ സഹായം തേടിയിട്ടുമുണ്ട്.

ഖത്തര്‍ ഗവണ്‍മെന്റും ജനങ്ങളും അനുഭവിച്ച കഷ്ട നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്നും ദശാബ്ദങ്ങള്‍ക്കിടെയാണ് ഖത്തര്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അലി ബിന്‍ സ്‌മൈഖ് അല്‍ മാരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ചില കേസുകള്‍ എതിര്‍കക്ഷികളായ രാജ്യങ്ങളിലെ കോടതികളിലാണ് നല്‍കുക. മറ്റു ചിലത് അന്താരാഷ്ട്ര കോടതികളിലും നല്‍കും. യൂറോപ്പിലേതുള്‍പ്പെടയുള്ള കോടതികളില്‍ സൗദിക്കും യുഎഇക്കും ബഹ്‌റൈനുമെതിരെ പരാതി നല്‍കുമെന്നും മാരി പറഞ്ഞു. സ്വിസ് നിയമകമ്പനിയാകും വിദേശരാജ്യങ്ങളില്‍ നല്‍കുന്ന പരാതികളില്‍ ഖത്തറിന് വേണ്ടി ഹാജരാകുക. എന്നാല്‍ കമ്പനിയുടെ പേര് മാരി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ ഉടന്‍ പ്രസ്താവന ഇറക്കുമെന്നായിരുന്നു ബന്ധപ്പെട്ട ചോദ്യത്തിന് അദേഹം നല്‍കിയ മറുപടി.

നേരത്തെ തന്നെ സൗദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.