Section

malabari-logo-mobile

സന്തോഷ്‌ ട്രോഫി: ടിക്കറ്റ്‌ വില്‌പന തുടങ്ങി

HIGHLIGHTS : മഞ്ചേരി സ്റ്റേഡിയത്തിന്‌ ഗോകുലം ഗ്രൂപ്പിന്റെ അഞ്ച്‌ ലക്ഷം

മഞ്ചേരി സ്റ്റേഡിയത്തിന്‌ ഗോകുലം ഗ്രൂപ്പിന്റെ അഞ്ച്‌ ലക്ഷം
SANTHOSH TROPHY 1മഞ്ചേരി പയ്യനാട്‌ സ്റ്റേഡിയത്തില്‍ ജനുവരി 15 മുതല്‍ നടക്കുന്ന 69-ാമത്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം വ്യവസായ- ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനായി. മഞ്ചേരി സ്റ്റേഡിയം വികസനത്തിനായി രൂപീകരിക്കുന്ന സ്‌പോര്‍ട്‌സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ടിലേക്ക്‌ ആദ്യ സംഭാവനയായി ഗോകുലം ഗ്രൂപ്പിന്റെ അഞ്ച്‌ ലക്ഷം രൂപയുടെ ചെക്ക്‌ ഗോകുലം ഗ്രൂപ്പ്‌ അസി. ജനറല്‍ മാനേജര്‍ പി.സി. വിശ്വകുമാര്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ കൈമാറി. സംഘാടക സമിതി ജന.കണ്‍വീനര്‍ അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ., പി. ഉബൈദുല്ല എം.എല്‍.എ. ജില്ലാ കലക്‌ടര്‍ കെ. ബിജു, എ.ഡി.എം. എം.ടി ജോസഫ്‌, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടിക്കറ്റുകള്‍ ജനുവരി 12 മുതല്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ വിവിധ ശാഖകളിലൂടെയാണ്‌ വിതരണം ചെയ്യുന്നത്‌. സീസണ്‍ ടിക്കറ്റുകള്‍ 12 ന്‌ രാവിലെ 10 മുതലും ദിവസേനയുള്ള ടിക്കറ്റുകള്‍ 13 ന്‌ രാവിലെ 10 മുതലുമാണ്‌ വിതരണം ചെയ്യുക. ഗ്രാമീണ്‍ ബാങ്കിന്റെ വാഴക്കാട്‌, അരീക്കോട്‌, എടവണ്ണ, മമ്പാട്‌, നിലമ്പൂര്‍, വാണിയമ്പലം, കാളികാവ്‌, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, വെള്ളില, അങ്ങാടിപ്പുറം, മക്കരപറമ്പ്‌, മലപ്പുറം, ഒതുക്കുങ്ങല്‍, കോട്ടക്കല്‍, തിരൂര്‍, വളാഞ്ചേരി, വേങ്ങര, ചെമ്മാട്‌, രാമനാട്ടുകര, കോഴിക്കോട്‌, കൊണ്ടോട്ടി, മൊറയൂര്‍, മഞ്ചേരി, പൂക്കോട്ടൂര്‍, പന്തലൂര്‍, പാണ്ടിക്കാട്‌ എന്നീ ശാഖകളില്‍ 14 ന്‌ വൈകീട്ട്‌ അഞ്ച്‌ വരെ ടിക്കറ്റ്‌ വിതരണം ചെയ്യും. അരീക്കോട്‌, എടവണ്ണ, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പന്തലൂര്‍, പാണ്ടിക്കാട്‌ ശാഖകളില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ ഉച്ചക്ക്‌ 12 വരെയും ടിക്കറ്റ്‌ ലഭിക്കും.
ഓപ്പണ്‍ ഗാലറിയില്‍ ടിക്കറ്റ്‌ നിരക്ക്‌ 80 രൂപയും റൂഫ്‌ ഗാലറിയില്‍ 100 രൂപയുമായി ടൂറിസം വകുപ്പ്‌ മന്ത്രി അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം നിശ്ചയിച്ചു. സീസണ്‍ ടിക്കറ്റ്‌ നിരക്ക്‌ ഓപ്പണ്‍ ഗാലറിയില്‍ 400, റൂഫ്‌ ഗാലറിയില്‍ 500 എന്നിങ്ങനെയാണ്‌.
സന്തോഷ്‌ ട്രോഫിയുടെ സൗത്ത്‌ സോണ്‍ മത്സരങ്ങളാണ്‌ മഞ്ചേരിയില്‍ നടക്കുന്നത്‌. ഫെബ്രുവരി 15 ന്‌ കേരളവും ആന്ധ്രാ പ്രദേശും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. വൈകീട്ട്‌ ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരം ഉദ്‌ഘാടനം ചെയ്യും.
യോഗ്യത റൗണ്ടില്‍ കേരളം ഉള്‍പ്പെടെ ആറ്‌ ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ എ-യില്‍ ജനുവരി 15 ന്‌ കേരളം- ആന്ധ്രപ്രദേശ്‌, 17 ന്‌ ആന്ധ്ര പ്രദേശ്‌- കര്‍ണാടക, 19 ന്‌ കര്‍ണാടക- കേരളം, ഗ്രൂപ്പ്‌ ബി-യില്‍ 16 ന്‌ സര്‍വീസസ്‌- പോണ്ടിച്ചേരി, 18 ന്‌ പോണ്ടിച്ചേരി- തമിഴ്‌നാട്‌, 20 ന്‌ തമിഴ്‌നാട്‌- സര്‍വീസസ്‌ എന്നിങ്ങനെയാണ്‌ മത്സരങ്ങള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!