ചന്ദന മോഷണം;2 പേര്‍ വള്ളിക്കുന്നില്‍ പിടിയില്‍

valikkunu theft copyപരപ്പനങ്ങാടി: മോഷ്ടിച്ച ചന്ദനമുട്ടികളുമായി കാറല്‍ കറങ്ങിയ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി പോലീസ്‌ പിടികൂടി.

കടലുണ്ടിനഗരത്തിലെ പിപി ഫൈസല്‍ എന്ന ലങ്കട ഫൈസല്‍(36), അത്താണിക്കല്‍ സ്വദേശി ജോഷി(39) എന്നിവരാണ്‌ പിടിയിലായത്‌.

ബുധനാഴ്‌ച രാത്രി പത്തുമണിയോടെ വള്ളിക്കുന്ന്‌ അത്താണിക്കല്‍ സിബി ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ്‌ സംഘത്തെ കണ്ട്‌ കടന്നുകളയാനുള്ള വ്യഗ്രതയ്‌ക്കിടെ സമീപത്തെ ഇലക്ട്രിക്‌ പോസ്‌റ്റിലും മതിലിലും ചെന്നിടിച്ചു. കാറ്‌ ഉപേക്ഷിച്ച്‌ സംഘം ഓടി രക്ഷപ്പെട്ടുവെങ്കിലും വ്യാഴാഴ്‌ച്ച രാവിലെ ജോഷിയുടെ വീട്ടിലെത്തിയ പോലീസ്‌ സംഘം സമര്‍ത്ഥമായി രണ്ടുപേരെയും പിടികൂടുകയായിരുന്നു. ജോഷി ഒളിപ്പിച്ചുവെച്ച കേന്ദ്രങ്ങളില്‍ നിന്നും എട്ട്‌ ചന്ദന ഉരുപ്പടികളും ഒരു ചന്ദനമരതൊലിയും കണ്ടെടുത്തതായി പോലീസ്‌ അറിയിച്ചു. ചന്ദനമരങ്ങള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന്‌ കൈവാളുകളും രണ്ടു കൊടുവാളുകളും പോലീസ്‌ പിടിച്ചെടുത്തു. രണ്ടുപേരെയും പോലീസ്‌ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ്‌ ചെയ്‌തു.

സംഘത്തിലെ മുഹമ്മദ്‌ ബഷീര്‍, കപ്പലങ്ങാടി അഷറഫ്‌, ഷാനവാസ്‌ എന്നീ മൂന്ന്‌ പേരെ കൂടി പോലീസ്‌ തെരയുന്നുണ്ട്‌.

പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐമാരായ ഒ.സുബ്രഹ്മണ്യന്‍,എം.സുബ്രഹ്മണ്യന്‍, എ എസ്‌ ഐ കെ.രാമന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുധേഷ്‌, ജയരാജ്‌,സ്വാജന്‍, അബ്ദുറസാഖ്‌, സുധി എന്നിവരാണ്‌ ചന്ദന ഓപ്പറേഷന്‌ നേതൃത്വം നല്‍കിയത്‌. ചന്ദന മരങ്ങള്‍ നിരവധി പറമ്പുകളില്‍ നിന്ന്‌ ഒറ്റരാത്രികൊണ്ട്‌ അപ്രത്യക്ഷമാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ചന്ദന മോഷണ സംഘം പിടിയിലായത്‌.

മോഷ്ടിച്ച ചന്ദന ഉരുപ്പടികളില്‍ നിന്ന്‌ ഒരുവിഹിതം വിറ്റ്‌ വരുന്നതിനിടയിലാണ്‌ സംഘം പോലീസ്‌ സംഘത്തെ കണ്ട്‌ കാറ്‌ നിയന്ത്രണംവിട്ട്‌ അപകടം വരുത്തിയതെന്നും പോലീസ്‌ പറഞ്ഞു.