ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ഫാസിസ്റ്റ്‌ ഭരണകൂടത്തിനെതിരെ ഒന്നിക്കണം; സച്ചിദാനന്ദന്‍

11TV-SATCHIDANANDA_1139983eദോഹ: ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പിനായി ബദല്‍ സൃഷ്ടിക്കാന്‍ വിവിധ മേഖലകളില്‍ ഒന്നിക്കണമെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷംകൊണ്ട് നരേന്ദ്രമോദിയുടെ ഭരണം എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. മോദിയുടെ കാഴ്ചപ്പാടുകള്‍ക്കെതിരെ കൃത്യമായ ഒരു ബദല്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. അത് സൃഷ്ടിക്കാനാണ് ശ്രമം നടത്തേണ്ടത്.

വലതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കാത്ത എഴുത്തുകാരെ ഒന്നിപ്പിച്ചു നിര്‍ത്താനും പ്രവര്‍ത്തിക്കാനുമായി രൂപീകരിച്ച ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഓരോ മേഖയിലും യൂണിറ്റുകള്‍ രൂപീകരിച്ച് അതാത് സ്ഥലങ്ങളില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷക്കാലമായി ദല്‍ഹിയില്‍ ജീവിക്കുന്നതിനാല്‍ അവിടുത്തെ ഭൂമിശാസ്ത്രവും ചരിത്രവും മാറുന്നത് നേരില്‍ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ കാലത്തും തലസ്ഥാനമായി നിലനിന്നിരുന്ന ദല്‍ഹിയില്‍ അധികാരത്തിലും രൂപത്തിലും അധികാരികളുടെ ഭാവങ്ങളിലും മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നതിന്റെ പ്രത്യാഘാതങ്ങള്‍ ദല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയെ മൊത്തം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതൊരു അപകടരമായ അവസ്ഥയാണെന്നും പറഞ്ഞു. കോര്‍പറേറ്റുകളെ പിന്താങ്ങുകയും എല്ലാവിധ ജനാധിപത്യവിരുദ്ധ നയങ്ങളും നടപ്പാക്കുകയും ചെയ്യുന്നതിലാണ് മോദി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടിരുന്നുവെങ്കിലും അവര്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തിരുന്നില്ല. പരിസ്ഥിതിക്കും ജനാധിപത്യ കാര്യങ്ങള്‍ക്കും കോണ്‍ഗ്രസ് പരിഗണന നല്കിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അദാനിയെ പോലുള്ള തെരഞ്ഞെടുത്ത കോര്‍പറേറ്റുകള്‍ക്കാണ് പരിഗണന നല്കുന്നത്.

പരിസ്ഥിതി നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ എടുത്തുകളയുക, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള നിയമങ്ങള്‍ അനായാസമാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ വളരെ വേഗത്തിലാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഒരു ഭാഗത്ത് മുസ്‌ലിം നാമധാരികളെ ഭീകരവാദികളായി മുദ്രകുത്തുകയും മറുഭാഗത്ത് മുസ്‌ലിംകളല്ലാത്തവരെ മാവോവാദികളാക്കി ചൂണ്ടിക്കാട്ടിയുമാണ് പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങളെ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളെ നിരന്തരമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും നടപടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. നവമാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കത്തിനെതിരെ സമീപകാലത്ത് സുപ്രിം കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ നിയന്ത്രണ നീക്കം അനായാസം മുന്നോട്ടു പോകുമായിരുന്നുവെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. കുറുക്കുവഴികളിലൂടെ മാധ്യമങ്ങളെ കൂടുതല്‍ നിയന്ത്രിക്കുകയാണ്. വന്‍കിട പത്രങ്ങള്‍ ഏറെയും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായതിനാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുകയെന്നത് സര്‍ക്കാറിന് വളരെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഹൈന്ദവ വര്‍ഗ്ഗീയത അതിശക്തമായും രക്തപങ്കിലവുമായാണ് മുന്നോട്ട് പോകുന്നത്. അമിത്ഷായുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം അസമാധാനം സൃഷ്ടിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. സമാധാനം തകര്‍ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാ ചരിത്രത്തെ മിത്തുമായി കൂട്ടിച്ചേര്‍ത്ത് വികലമായ ധാരണയുള്ളയാളെ ചരിത്ര കൗണ്‍സിലിന്റെ തലപ്പത്തിരുത്തി വര്‍ഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആര്‍ എസ് എസിന്റെ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുകയാണ്. വിവിധ കൗണ്‍സിലുകളുടെ തലപ്പത്ത് താരതമ്യേന ലിബറലായവരെ പോലും പരിഗണിക്കാന്‍ മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നില്ല. തീര്‍ത്തും തീവ്രപക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനമാനങ്ങള്‍ നല്കുന്നത്. എം എഫ് ഹുസൈനെ പോലുള്ളവര്‍ക്ക് ഇന്ത്യവിട്ട് ഖത്തറിലേക്ക് വരേണ്ടി വന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

തീസ്ത സെറ്റില്‍വാദിനേയും മല്ലികാ സാരാഭായിയേയും പോലെ പെരുമാള്‍ മുരുഗന്‍ ഉള്‍പ്പെടെ എതിര്‍ക്കുന്നവരെ മുഴുവന്‍ നിശ്ശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. അത്യന്തം അപകടകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഭാഗത്ത് പഴയ മിത്തുകള്‍ പ്രചരിപ്പിച്ചും മറു ഭാഗത്ത് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുമാണ് ഫാഷിസ്റ്റ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

അനാവശ്യമായ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മാറി പ്രയോജനകരമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് പൊതുവേദിയില്‍ നിന്നും മാറി നില്‍ക്കുന്നതായി മുമ്പ് അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യം നടന്ന ചെറുത്തുനില്‍പ്പുകളിലൊന്ന് സഫ്ദര്‍ ഹഷ്മി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഐഡിയ ഓഫ് ഇന്ത്യ എന്ന ത്രിദിന പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാട് വര്‍ഗ്ഗീയവത്ക്കരിക്കുമ്പോള്‍ ഒരാളുടെ ഗുണം അപ്രധാന സ്ഥാനത്തേക്ക് മാറിപ്പോവുകയാണ്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ തലപ്പത്തേക്ക് സുരേഷ് ഗോപിയെ പോലുള്ള വില കുറഞ്ഞ സിനിമയുടെ വക്താക്കളെ കൊണ്ടുവരുന്നതിലൂടെ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിരോധ സിനികളെ പോലും പ്രോത്സാഹിപ്പിച്ചിരുന്നത് നേരത്തെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സിനിമകളെ പോലും ജനപക്ഷത്തു നിന്നും നോക്കിക്കണ്ട് സബ്‌സിഡി ഉള്‍പ്പെടെയുള്ളവ നല്കാനും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ നയങ്ങളെ പിന്തുണക്കുന്ന ഒരാളെ തലപ്പത്തേക്കിരുത്തുന്നതിലൂടെ അതിന്റെ പ്രതിരോധം ഇല്ലാതാക്കാന്‍ തന്നെയാണ് ശ്രമം നടക്കുന്നത്.

വിദേശ ഫണ്ട് ലഭിക്കുന്ന സംഘടനകളെ നിരോധിക്കാന്‍ തയ്യാറെടുക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഏറ്റവും കൂടുതല്‍ വിദേശഫണ്ട് വാങ്ങുന്ന ആര്‍ എസ് എസിനെ നിരോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന്റെ വിദേശ ഫണ്ടിനെ മറച്ചുവെക്കാനാണ് മറ്റു സംഘടനകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനെ എതിര്‍ക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് ഇ പി ബിജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖ് ചെന്നാടന്‍ സ്വാഗതം പറഞ്ഞു.