റിംഗ്‌ റോഡ്‌ നിര്‍മ്മാണം 10 ാം തിയ്യതി പൂര്‍ത്തിയാകും

5-doha-expresswayദോഹ: ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന സി റിംഗ് റോഡ് റമദ സിഗ്നലിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പത്താം തിയ്യതി പൂര്‍ത്തീകരിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇതോടെ റമദ സിഗ്നലിലെ ഗതാഗതക്കുരുക്കിന് വലിയൊരളവുവരെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി റിംഗ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ആഗസ്തിലാണ് ആരംഭിച്ചത്. സി റിംഗ് റോഡ് നവീകരണ പദ്ധതിയില്‍ മാറ്റം വരുത്തിയാണ് റമദ സിഗ്നല്‍ ഉള്‍പ്പെടുന്ന ഘട്ടം ആരംഭിച്ചത്. അടുത്ത വര്‍ഷം മാത്രമാണ് റാഡിസണ്‍ ബ്ലൂ സിഗ്നല്‍ ഭാഗത്തെ നവീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രവര്‍ത്തനങ്ങളുടെ ചില വൈരുധ്യങ്ങള്‍ ഒഴിവാക്കാനാണ് പദ്ധതി മുന്‍നിശ്ചയിച്ചതില്‍ നിന്നും മാറ്റം വരുത്തിയത്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പുതിയ എക്‌സ്പ്രസ് വേയുടേയും സി റിംഗ് റോഡ് നവീകരണത്തിന്റേയും പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കാതാരിക്കാനാണ് നാലാംഘട്ട പദ്ധതിയായി തീരുമാനിച്ച നവീകരണം നേരത്തെ ആരംഭിച്ചത്. ഇതില്‍ റാഡിസണ്‍ ബ്ലൂ സിഗ്നലിന്റെ ഭാഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 10ന്് പൂര്‍ത്തിയാകും. റമദയില്‍ നിന്നും ലാ സിഗാലെ ഹോട്ടല്‍ വരെയുള്ള ഭാഗത്തെ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗത്തിന് തുറന്നുകൊടുക്കും. എന്നാല്‍ മറ്റുള്ള ഭാഗത്തുള്ള പ്രവര്‍ത്തികള്‍ ഈ വര്‍ഷാവസാനത്തോടുകൂടി മാത്രമാണ് പൂര്‍ത്തിയാവുകയെന്ന് അശ്ഗാല്‍ അറിയിച്ചു. അടുത്തവര്‍ഷം ജനുവരിയോടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ സമീപത്തുനിന്നും ന്യൂസലത്ത ഇന്റര്‍സെക്ഷന്‍, കിനാന ഇന്റര്‍സെക്ഷന്‍, സെന്റര്‍ റൗണ്ട് എബൗട്ട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി റിംഗ് റോഡില്‍ റമദയ്ക്കു സമീപത്തെ നാല് ഇന്റര്‍സെക്ഷനുകളിലും പുതിയ സിഗ്നലുകളും കാല്‍നട റോഡ് ക്രോസിംഗുകളും ആവശ്യമായ അധിക റോഡുകളും സ്ഥാപിച്ചുകഴിഞ്ഞു. സി റിംഗിലെ ചെറിയ റോഡുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. അലി ബിന്‍ താലിബ് റോഡ്, സല്‍വാ റോഡ് എന്നിവയുടെ ദീര്‍ഘിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. സല്‍വാ റോഡിലെ പ്രവര്‍ത്തികള്‍ ഈയാഴ്ച ആരംഭിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. സി റിംഗ് റോഡ് നവീകരണത്തിന് മെയ് മാസത്തോടെയാണ് തുടക്കമായത്. നാല് ഘട്ടങ്ങളായി നവീകരണം പൂര്‍ത്തിയാക്കാനാണ് അശ്ഗാല്‍ പദ്ധതിയിട്ടിരുന്നത്. സി റിംഗ് റോഡിന്റെ വടക്കന്‍ ഭാഗങ്ങളിലായിരുന്നു ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പഴയ എയര്‍പോര്‍ട്ടിന് സമീപത്തെ വിഐ പി റൗണ്ട് എബൗട്ട് സ്ഥിതി ചെയ്യുന്ന ഉംഗുവൈലിന മുതല്‍ ടൊയോട്ട സിഗ്നലിനും ഗള്‍ഫ് സിനിമ സിഗ്നലിനുമിടയിലുള്ള 6.3 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു നവീകരണം. പഴയ വി ഐ പി റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റിയശേഷം അവിടെ സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി. സി റിംഗ് റോഡിന്റെ നാല് ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളും 2015 മധ്യത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് അശ്ഗാലിന്റെ പ്രതീക്ഷ.