ചൂടില്‍ നിന്നും ശമനമായി; ഖത്തറില്‍ മഴ തുടങ്ങി

rain3ദോഹ: ചൂടുകാലത്തിന് താത്കാലിക വിട. ഇനി തണുപ്പിന്റെ നാളുകള്‍. ആകാശത്തു നിന്നും അനുഗ്രഹത്തിന്റെ വെള്ളത്തുള്ളികള്‍ മഴയായി പെയ്തിറങ്ങിയതോടെയാണ് ഖത്തറില്‍ ചൂടില്‍ നിന്നുള്ള മോചനമായത്. കഴിഞ്ഞ ദിവസം രാത്രി ദുഖാനില്‍ ചെറുതായി ആരംഭിച്ച മഴ രാജ്യ തലസ്ഥാനമായ ദോഹയിലുമെത്തുകയായിരുന്നു.
ഖത്തറില്‍ സമയമായിട്ടും മഴ പെയ്യാതിരുന്നതിനെ തുടര്‍ന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഴയ്ക്കു വേണ്ടിയുള്ള നമസ്‌ക്കാരം നിര്‍വഹിച്ചിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത നമസ്‌ക്കാരത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് മഴ വന്നണഞ്ഞത്.
ഞായറാഴ്ച രാത്രി ആകാശത്ത് ഉരുണ്ടു കൂടിയ മഴ മേഘങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു. തിങ്കളാഴ്ച പകലും മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഖത്തറില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ പറഞ്ഞതിലും നേരത്തെ മഴയെത്തി ഭൂമിയെ സ്പര്‍ശിക്കുകയായിരുന്നു.  ചൂടില്‍ നിന്നും ശമനമായി; ഖത്തറില്‍ മഴ തുടങ്ങി