ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കൊച്ചി : ബാഗ്ലൂരില്‍ റാഗിങ്ങിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ചാലക്കുടി സ്വദേശിയായ അഹാബ് ഇബ്രാഹീമാണ് മരിച്ചത്. ബാംഗ്ലൂര്‍ ആചാര്യ കോളേജ് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. റാഗിങ്ങില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 40 ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്നു ഇബ്രാഹീം.

ആദ്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊച്ചി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലയാളികള്‍ അടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയത്. കഴിഞ്ഞ ജനുവരി 7 നായിരുന്നു സംഭവം നടന്നത്. റാഗിങ്ങിനിടെ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തെ തുടര്‍ന്ന് ഇബ്രാഹിം തലയിടിച്ച് കുളിമുറിയില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള 6 വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഉടനടി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യൂ കര്‍ണ്ണാടക മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്.