ഖത്തറിലേക്കുള്ള കപ്പല്‍ ചരക്കുനീക്കത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

ദോഹ: ഖത്തറിലേക്ക് കപ്പല്‍വഴിയുള്ള ചരക്കുനീക്കത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതിയെ സാധനങ്ങളുടെ കാര്യത്തില്‍ ജൂലൈയില്‍ 158 ശതമാന വര്‍ദ്ധനയാണുണ്ടായത്.

ജൂലൈയില്‍ 371 കപ്പലുകളായി 48,873 കണ്ടെയ്‌നറുകള്‍ എത്തിയതെന്ന് തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ വ്യക്തമാക്കി. ജനറല്‍ കാര്‍ഗോയുടെ കാര്യത്തിലാണ് ഇത്തരത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ജൂലൈയില്‍ 80,275 ടണ്‍, ജൂണില്‍ ഇത് 31,105 ടണ്ണായിരുന്നു ഉണ്ടായിരുന്നത്. 4,922 യൂണിറ്റ് വാഹനങ്ങളാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് 4,322 യൂണിറ്റുകളായിരുന്നു. കന്നുകാലികളുടെ ഇറക്കുമതി ജൂണില്‍ 60,858 എണ്ണമായിരുന്നതു ജൂലൈയില്‍ 74,148 ആയി വര്‍ദ്ധിച്ചു. അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇറക്കുമതി വര്‍ദ്ധിച്ചു വെന്ന് ഇതില്‍ വ്യക്തം. ഉപരോധത്തെ തുടര്‍ന്ന് ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പുതിയതായി അഞ്ചു കപ്പല്‍പാതകളാണ് മവാനി ഖത്തര്‍ സജ്ജമാക്കിയത്.

നിലവില്‍ ഏക കരമാര്‍ഗമായ അബു സംറ അതിര്‍ത്തി അടച്ചതോടെ നാവിക മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ ഖത്തറിലേക്കുള്ള ഇറക്കുമതി നടത്തുന്നത്. വ്യോമമാര്‍ഗമുള്ള ഇറക്കുമതി ചിലവേറിയതിനാല്‍ കപ്പല്‍ വഴി ചരക്കെത്തിക്കാനാണ് പ്രാധാന്യം നല്‍കുന്നത്.