ഖത്തര്‍ റിയാലിന്റെ മൂല്യം ഇടയുന്നു എന്നത് വ്യാജ പ്രചരണം; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

Story dated:Tuesday July 4th, 2017,05 46:pm

ദോഹ: ഖത്തര്‍ റിയാലിനെതിരെ ഉയര്‍ന്നു വന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയായി ഇന്ന് ഖത്തരി റിയാല്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. യുഎസ് ഡോളറിനെതിരെ ഏറ്റവും മികച്ച നിലയിലാണ് ഇന്നലെ ഖത്തരി റിയാല്‍ ഇടപാടുകള്‍ നടത്തിയത്. ഒരു ഡോളറിന് 3.64 റിയാല്‍ എന്ന നിരക്കിലാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് റിയാലിനെ ഡോളറുമായി പെഗ് ചെയ്തിട്ടുള്ളത്.

ഈദുല്‍ ഫിത്വര്‍ അവധികള്‍ക്കു ശേഷം ബാങ്കുകള്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണു ഖത്തരി റിയാലും ശക്തമായ മുന്നേറ്റം നടത്തിയത്. മുന്‍പ് ഡോളറിനെതിരെ 3.81 എന്ന നിരക്കിലേക്ക് റിയാലിന്റെ മൂല്യം താഴ്ന്നിരുന്നു. ഒരു റിയാലിന് 17.69 ഇന്ത്യന്‍ രൂപ എന്ന നിലയിലായിരുന്നു ഇന്നലത്തെ ഇടപാടുകള്‍.

മികച്ച കരുതല്‍ ശേഖരമുള്ളതും എണ്ണ, ഗ്യാസ് എന്നിവയില്‍ നിന്നുളള വിദേശനാണ്യ വരുമാനവും ഖത്തറിന്റെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതാണ്. കോടിക്കണക്കിനു ഡോളര്‍ ശേഖരമാണ് ഖത്തറിലുള്ളത്. ഖത്തര്‍ റിയാലിന്റെ വിനിമയ മൂല്യം സ്ഥിരമാണെന്നും ലോകത്തെവിടെയും നടക്കുന്ന ഇടപാടുകള്‍ക്ക് ഉറപ്പുനല്‍കാമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ റിയാലിന്റെ മൂല്യം ഇടിയുന്നുവന്നെ തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.