ഖത്തറിന്റെ ഇഫ്ത്താര്‍ 50 രാജ്യങ്ങളില്‍ നോമ്പുകാലം മുഴുവന്‍ ഇഫ്താറുകള്‍ ഒരുക്കും

ദോഹ: ഖത്തറിന്റെ ഇഫ്ത്താര്‍ 50 രാജ്യങ്ങളില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ഇഫ്താറുകള്‍ സംഘടിപ്പിക്കാനും ഒരുങ്ങുന്നു. ഖത്തര്‍ ചാരിറ്റി മീഡിയ വകുപ്പ് മേധാവി അഹമദ് സ്വാലിഹ് അല്‍അലിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്ദുന്നിഅ്മ, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി, ജാസിം ഹമദ് ബിന്‍ ജാസിം ചാരിറ്റി എന്നീ സന്നദ്ധ സംഘടനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ പ്രവൃത്തി നടത്തുന്നത്. നോമ്പുകാലം മുഴുവന്‍ ഇഫ്താറുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസുകളിലൂടെ നോമ്പിന് മുന്നോടിയായിട്ടുള്ള ആവശ്യക്കാര്‍ക്ക് റമദാനിന് വേണ്ട എല്ലാ ഭക്ഷണ സാധനങ്ങളും വിതരണം നടത്തും. സഹായം സന്തോഷത്തിന്റെ രഹസ്യം എന്ന പേരിലാണ് ഖത്തര്‍ ചാരിറ്റി റമദാന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഖത്തറിനുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഈ പദ്ധതി വിശദീകരിക്കും. റമദാന്‍ കിറ്റും ടെന്റുകളില്‍ ഇഫ്ദാറുകളും പെരുന്നാള്‍ പുടവയും അടക്കമുള്ള പദ്ധതിയാണ് ഖത്തര്‍ ചാരിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.