ഖത്തറില്‍ പൊതുജോലികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം പ്രഖ്യാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി

ദോഹ: രാജ്യത്ത് പൊതുജോലികള്‍ വിവരിക്കാനും വിഭജിക്കാനും ക്രമീകരിക്കാനുമുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനുള്ള ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകരം ലഭിച്ചു.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. 2016 ലെ മനുഷ്യ വിഭവശേഷി സംബന്ധിച്ച പതിനഞ്ചാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുള്ളത്.

ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും ചുമതലകള്‍ നിശ്ചയിക്കാനും ഉദ്യോഗസ്ഥരുടെ ശേഷി വര്‍ധിപ്പിക്കുക, ഭരണനിര്‍വഹണ സുതാര്യത കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ സംബന്ധിച്ച വ്യവസ്ഥകളും ചട്ടങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ സമത്വം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളും ഇതിലുണ്ട്. യോഗ്യരായിട്ടുള്ള ഉദ്യോഗസ്ഥരെ ഉന്നത തസ്തികകളിലേക്ക് പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇതിനുപുറമെ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനില്‍ (കഹ്‌റാമ) സാമ്പത്തിക സുസ്ഥിരതയ്ക്കായി സ്റ്റിയറിങ് കമ്മിറ്റി രൂപീകിരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

വിപണിയിലെ ഭൂമിയും മറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.