ഖത്തറില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സ് ഇന്ത്യയില്‍ ഉണ്ടാക്കുന്നതല്ല ;നെസ്‌ലെ

downloadദോഹ: മിഡില്‍ ഈസ്റ്റിലെ മാഗി ഉത്പന്നങ്ങള്‍ സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് മികച്ച നിലവാരത്തിലൂമുള്ളതാണെന്ന് നെസ്‌ലെ അറിയിച്ചു.
ദല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നെസ്‌ലെ ഇക്കാര്യം അറിയിച്ചത്. ഖത്തറില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സ് ഇന്ത്യയില്‍ ഉണ്ടാക്കുന്നതല്ലെന്നും നെസ്‌ലേ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ വിവിധ അധികാരികളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന അന്വേഷണങ്ങളെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും നെസ്‌ലേ അറിയിച്ചു.
ഗുണമേന്മയും ഭക്ഷ്യസുരക്ഷയും തങ്ങളുടെ ഏറ്റവും മുന്തിയ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും സ്ഥിരമായ പരിശോധനകള്‍ നടത്തിയാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നും നെസ്‌ലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലെ മാഗി നൂഡില്‍സിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും നെസ്‌ലെ മറുപടി പറഞ്ഞു. ഇന്ത്യയിലെന്നല്ല ലോകത്തില്‍ എവിടുത്തേയും മാഗി ഉത്പന്നങ്ങള്‍ ഉപയോഗ യോഗ്യമാണെന്ന മറുപടിയാണ് കമ്പനി നല്കിയത്.
മാഗി മസാല നൂഡില്‍സിന്റെ സാംപിള്‍ പാക്കിലെ ലെഡിലെ അംശത്തെ കുറിച്ചുള്ള ഉത്തര്‍പ്രദേശ്, ദല്‍ഹി സര്‍ക്കാരുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള വേവലാതിയെ കുറിച്ച് തങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളുവെന്നും നെസ്‌ലേ അറിയിച്ചു.
2014 നവംബറില്‍ കാലാവധി കഴിഞ്ഞ സാംപിളുകളാണ് ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ പരിശോധന നടത്തിയത്.
അത്തരം ബാച്ചിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോള്‍ കമ്പോളത്തില്‍ വില്‍പ്പനയിലില്ല.
തങ്ങള്‍ നടത്തിയ പരിശോധനകളില്‍ മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും നെസ്‌ലേ അറിയിച്ചു.
ഇന്ത്യയിലുണ്ടായ പ്രശ്‌നങ്ങള്‍ ഖത്തറിലെ കമ്പോളത്തെ ബാധിച്ചിട്ടില്ലെന്നും നെസ്‌ലേ പറഞ്ഞു.