ഖത്തറില്‍ ഭക്ഷണശാലകളില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് വാണിജ്യമന്ത്രാലയം

ദോഹ: ഭക്ഷണശാലകളില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയ ഉത്പന്നപദ്ധതിയുടെ കീഴില്‍ പ്രാദേശിക ഫാമുകളില്‍ ഉത്പാദിപ്പിക്കുന്നവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഹ്വാനം.

ഭക്ഷണശാലകളിലും പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശിക വിപണിയില്‍ ദേശീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഉത്പന്നപദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം ദേശീയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യം നല്‍കിയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക ഉത്പന്നങ്ങള്‍ പെട്ടന്ന് തിരിച്ചറിയാനും ഇതുവഴി ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കാനും സാധിക്കുന്നുണ്ട്.