ഖത്തറില്‍ 31 ഇന്ത്യക്കാര്‍ക്ക് അടിയന്തര യാത്രാരേഖകള്‍ അനുവദിച്ചു

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഈ മാസം 31 ഇന്ത്യക്കാര്‍ക്ക് അടിയന്തര യാത്രാരേഖകള്‍ അനുവദിച്ചു. 12 പേര്‍ക്ക് വിമാനടിക്കറ്റും നല്‍കിയതായി എംബസിയില്‍ ചേര്‍ന്ന ഓപ്പണ്‍ ഹൗസില്‍ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ നാല് ഓപ്പണ്‍ ഹൗസുകളാണ് നടന്നത്. ഇതില്‍ വന്ന 19 പരാതികളില്‍ എട്ടെണ്ണം പരിഹരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 11 പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു.

തൊഴില്‍ കരാര്‍ ലംഘനം ഉള്‍പ്പെടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പല ബുദ്ധിമുട്ടുകളും പരിഹാരം ലഭിക്കാനായി ഓപ്പണ്‍ ഹൗസിലെത്തി. എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സെൻട്രൽ ജയിലും ഡീപ്പോർട്ടേഷനും സന്ദർശിച്ച് അവിടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമവിവരങ്ങൾ അന്വേഷിച്ചു. സെൻട്രൽ ജയിലിൽ 191 ഇന്ത്യക്കാരും ഡീപ്പോർട്ടേഷൻ സെന്ററിൽ 116 ഇന്ത്യക്കാരുമാണുള്ളത്. ഈ വർഷം ഇതുവരെ 85 ഇന്ത്യക്കാരാണു ഖത്തറിൽ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരന്റെ അധ്യക്ഷതയിൽ നടന്ന ഓപ്പൺ ഫോറത്തിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ.സിങ്, ഐസിബിഎഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.