ഖത്തറിനുമേലുള്ള ഉപരോധം; പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സജീവം

ദോഹ:ഖത്തറിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അയവുവരാത്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി അന്താരാഷ്ട്ര തലത്തില്‍ സജീവ നീക്കം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ വന്‍കിട രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ട് പോക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് ഈ രാജ്യങ്ങല്‍ സൗദിയേയും, ഖത്തറിനെയും അറിയിച്ചിട്ടുണ്ട്. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് പൂര്‍ണമായി സഹകരിക്കുകയും വിഷയത്തില്‍ സംയമന രീതി സ്വീകരിക്കുകയും ചെയ്യണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ ഖത്തര്‍ അമീറനോട് ടെലിഫോണ്‍ സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതെസമയം പ്രശ്‌ന പരിഹാരത്തിനായി തങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അദേഹം അമീറിന് ഉറപ്പു നല്‍കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍സൗദുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചു. ജി.സി.സി യുടെ ഐക്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അവര്‍ കിരീടാവകാശിയെ ഓര്‍മ്മപ്പെടുത്തി.

ഗള്‍ഫ് മേഖലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്ന് റഷ്യ ഫെഡറേഷന്‍ കൗണ്‍സില്‍ രാഷ്ട്രീയ ഉപദേഷ്ടാവ് അന്ത്രിയ ബുക്‌ലാനോവ് വ്യക്തമാക്കി. ഖത്തര്‍ കുവൈത്ത് അമീര്‍ വഴി ഉപരോധ രാജ്യങ്ങള്‍ മുന്‍പോട്ട് വെച്ച ഉപാധികള്‍ക്കുള്ള മറുപടി ഇന്ന് കൈറോയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചചെയ്യും.

അതെസമയം ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ക്ക് സമയപരിധിക്കുള്ളില്‍ നിന്ന് മറുപടി നല്‍കിയതിനെ ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍ ഖത്തറിനെ അഭിനന്ദിച്ചു.