അഞ്ചാമത് ഖത്തര്‍ രാജ്യാന്തര മോട്ടോര്‍ ഷോ

Doha-Qatarദോഹ: അഞ്ചാമത് ഖത്തര്‍ രാജ്യാന്തര മോട്ടോര്‍ ഷോ 2015 ഫെബ്രുവരി ആറു മുതല്‍ 1 0 വരെ ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ക്യു മീഡിയ ഇവന്റ്‌സ്, ഫിറ ബാര്‍സിലോണ എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മോട്ടോര്‍ ഷോ സംഘടിപ്പിക്കുന്നത്.
റെക്കോര്‍ഡ് പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. മോട്ടോര്‍ ഷോയുടെ കഴിഞ്ഞ നാലു എഡിഷനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാറുകളുടെയും ഇലക്‌ട്രോണിക് വാഹനങ്ങളുടെയും വിസ്മയക്കാഴ്ചകളായിരിക്കും പുതിയ മോട്ടോര്‍ ഷോയുടെ പ്രത്യേകത. ഏറ്റവും പുതിയ മോഡലുകളിലുള്ള വാഹനങ്ങളുടെ നീണ്ടനിര തന്നെ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. പ്രദര്‍ശനത്തിനു പുറമെ ഫോട്ടോ എക്‌സിബിഷന്‍, ആശയ സംവാദങ്ങള്‍, നവീനമായ മോഡലുകള്‍ അവതരിപ്പിക്കല്‍, മോട്ടോര്‍ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ എന്നിവ അരങ്ങേറും. ഇവയ്ക്കു പുറമെ വ്യത്യസ്തമായ സാംസ്‌കാരിക പരിപാടികളും സംഘാടകര്‍ ആസൂത്രംണം ചെയ്യുന്നുണ്ട്.
മോട്ടോര്‍ സൈക്കിളുകള്‍ക്കും കാറുകള്‍ക്കും ഖത്തറില്‍ ഏറെ പ്രിയമുണ്ട്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നത് ഇതിന്റെ തെളിവാണ്. ഖത്തറിലെ വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭവമായിരിക്കും രാജ്യാന്തര മോട്ടോര്‍ ഷോയുടെ അഞ്ചാമത്തെ എഡിഷന്‍. മോട്ടോര്‍ സ്‌പോര്‍ട്‌സ് രംഗത്തെ സെലിബ്രിറ്റികളും വിദഗ്ധരും ഇത്തവണത്തെ ഷോയില്‍ പങ്കെടുക്കും. ഷോയുടെ നാലാമത് എഡിഷന്‍  കഴിഞ്ഞ ഫെബ്രുവരി 21 മുതല്‍ 25 വരെയാണ് നടന്നത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി ഏകദേശം 70,000ലധികം പേരാണ് ഷോ സന്ദര്‍ശിക്കാനെത്തിയത്. മോട്ടോര്‍ ഷോയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് പങ്കാളിത്തമായിരുന്നു ഇത്. അടുത്ത വര്‍ഷം നടക്കുന്ന ഷോയില്‍ ഇതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിലെതന്നെ ആദ്യ ഇലക്ട്രിക് കാറായിരുന്നു കഴിഞ്ഞ മോട്ടോര്‍ഷോയുടെ പ്രധാന ആകര്‍ഷണം.  നിസാന്‍, ടൊയോട്ടൊ എന്നിവയുടെ മോഡലുകളും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നു. വ്യത്യസ്തവും നവീനവുമായ ഒട്ടേറെ വാഹനങ്ങളും അഞ്ചാമത് എഡിഷനിലുണ്ടാകും.