ഉപരോധത്തെ കാറ്റില്‍പറത്തി ഖത്തര്‍;ഹമദ് തുറമുഖം സജീവം

ദോഹ: രാജ്യത്തിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ മറികടക്കാന്‍ ഖത്തര്‍ സ്വീകരിച്ച ബദല്‍ മാര്‍ഗങ്ങള്‍ ഫലം കാണുന്നു. ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞിരിക്കുകയാണ്. ഉപരോധത്തിനു ശേഷം ഏര്‍പ്പെടുത്തിയ പരിഷ്‌കരണങ്ങളിലൂടെ ഷിപ്പിങ് ചിലവ് 31 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.

40 അടി കണ്ടൈനറില്‍ നേരത്തെ 1700 ഡോളര്‍ ചിലവ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെരും 1300 ഡോളര്‍ മാത്രമായി കുറഞ്ഞിട്ടുണ്ട്. തുറമുഖത്തിന്റെ വികസനവും പുതിയ കപ്പല്‍ പാതകളും യാഥാര്‍ത്ഥ്യമായതോടെയാണ് ഷിപ്പിങ് ചെലവ് 31 ശതമാനം കുറഞ്ഞത്. സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്നതോടെയാണ് തുറമുഖം സജീവമായത്. നേരത്തെ ഖത്തറിലേക്കുള്ള ചരക്കു നീക്കത്തിന് ആശ്രയിച്ചിരുന്നത് ഉപരോധ രാജ്യങ്ങെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിട്ടുള്ള കപ്പല്‍ പാതകളടക്കമുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കിയതോടെ ഉപരോധത്തെ മറികടക്കാന്‍ ഖത്തറിന് സാധിച്ചിരിക്കുകയാണ്.

നിലവില്‍ ഖത്തര്‍ ഒമാനിലെ സോഹാറിലേക്കും ഇറാന്‍,തുര്‍ക്കി, ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്കും പുതിയ കപ്പല്‍ പാതകള്‍ തുറന്നിട്ടുണ്ട്. ഇതും രാജ്യത്തിന്റെ പുതിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.