ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റെഡ് റസ്റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങി

redദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തര്‍ ഡ്യൂട്ടിഫ്രീയുടെ കീഴില്‍ റെഡ് റസ്റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങി. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തായാണ് റെഡ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വ്യത്യസ്തയിനം ഭക്ഷണ രുചികള്‍ പരിചയപ്പെടുത്തുന്ന റസ്റ്റോറന്റ് ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വേറിട്ട രുചിയും അനുഭവവും സമ്മാനിക്കുമെന്ന് ഖത്തര്‍ ഡ്യൂട്ടിഫ്രീ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യാത്രക്കാര്‍ക്കായി വിപുലമായ മെനുവാണ് റെഡ് റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്.  അമേരിക്കന്‍ റെഡ് ബിഗ് ബ്രേക്ക്ഫാസ്റ്റ്, ഏറ്റവും ജനപ്രിയമായ സാന്‍ഡ്‌വിച്ചുകള്‍(മാഡ് ഫിഷ്, യൂണിയന്‍ സ്ട്രീറ്റ് വെജ്), സ്‌പൈസി  ഗോട്ട് ബര്‍ഗര്‍, ഫാറ്റ് ബോയ് സൂപ്പ്, ആസ്‌ത്രേലിയന്‍ ബീഫ് സ്റ്റീക്ക്‌സ് ഉള്‍പ്പടെയുള്ള വേറിട്ട രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. കുട്ടികള്‍ക്കായും പ്രത്യേക മെനു ക്രമീകരിച്ചിട്ടുണ്ട്.
മണി സ്‌നാക്ക്, മൗസ് ട്രാപ്പ്, മാജിക്കല്‍ ഷെയ്ക്ക്‌സ് എന്നിവയുള്‍പ്പടെയുള്ള വിഭവങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കും. പഴയകാല നഗരങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളും പഴയകാല ജനതയുടെ ജീവിതവും സഞ്ചാരവും അടയാളപ്പെടുത്തുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് റെഡ് റസ്റ്റോറന്റ് തയാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രുചിക്കൊപ്പം വേറിട്ട കാഴ്ചാനുഭവവും സമ്മാനിക്കുന്നുണ്ട് ഈ റസ്റ്റോറന്റ്. നവീനവും പുതുമയുള്ളതുമായ ആശയമാണ് റെഡ് റസ്റ്റോറന്റിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന തെന്ന് ഖത്തര്‍ ഡ്യൂട്ടിഫ്രീ സീനിയര്‍ വൈസ് പ്രസിഡന്റ് കീത്ത് ഹണ്ടര്‍ ചൂണ്ടിക്കാട്ടി. ഫുഡ്, ബിവറേജ്, റീട്ടെയ്ല്‍ ഷോപ്പിംഗ്  സൗകര്യങ്ങള്‍ക്കായി 40,000 ചതുരശ്ര മീറ്ററിലാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രീ സജ്ജീകരിച്ചിരിക്കുന്നത്. 15,000 ചതുരശ്ര മീറ്ററിലായി മുപ്പതിലധികം റസ്റ്റോറന്റുകളാണ് ഇവിടെയുള്ളത്. വ്യത്യസ്ത തരത്തിലുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ ഭക്ഷ്യോത്പന്നങ്ങളാണ് ഔട്ട്‌ലെറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ഏറ്റവും പ്രശസ്തമായ ഫൈവ് സ്റ്റാര്‍ എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഭാഗമായ ഖത്തര്‍ ഡ്യൂട്ടിഫ്രീ യാത്രക്കാരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് വിപുലമായ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതെന്ന് കീത്ത് ഹണ്ടര്‍ കൂട്ടിച്ചേര്‍ത്തു.