കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍ മരിച്ചു

download (5)ദോഹ: കൊറോണ വൈറസ് ബാധിച്ച ഒരു പ്രവാസി മരിച്ചതായി ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചു. കൊറോണ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് 61കാരനായ പ്രവാസി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ പ്രവാസിയും ഇദ്ദേഹം തന്നെയായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജോലി തേടി ഖത്തറിലെത്തിയ ഇയാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പാണ് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഹമദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏത് നാട്ടുകാരനാണ് മരിച്ചതെന്നും ഇയാള്‍ക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്നും ആരോഗ്യ സുപ്രിം കൗണ്‍സില്‍ വിശദീകരിച്ചിട്ടില്ല.
കൊറോണ വൈറസ് ബാധിച്ച എട്ടുപേര്‍ ഖത്തറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഊദി അറേബ്യയില്‍ നിന്നും കൊറോണ ബാധിച്ച ഖത്തര്‍ സ്വദേശി ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയിലെത്തിയെങ്കിലും അവിടെ വെച്ച് മരിച്ചിരുന്നു.
കൊറോണ വൈറസ് ബാധയുണ്ടായ 48കാരന്‍ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഇയാള്‍ രോഗബാധിതനായി മൂന്നാഴ്ചക്കാലമാണ് ആശുപത്രിയില്‍ കഴിഞ്ഞത്.
കൊറോണ ബാധയുണ്ടായ 23കാരനായ യുവാവും ചികിത്സയെ തുടര്‍ന്ന് ഈ മാസം സുഖം പ്രാപിച്ചിരുന്നു.
രോഗബാധയുണ്ടായ ആറ് ഖത്തരികളില്‍ 29കാരനായ യുവാവും 56കാരി വനിതയും ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് സെപ്തംബറിലാണ് മരിച്ചത്.
കാലാവസ്ഥ തണുത്തു തുടങ്ങിയതോടെ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ശ്രദ്ധിക്കണമെന്നും കൊറോണ വൈറസ് ബാധയ്ക്കും ഇത്തരത്തില്‍ ലക്ഷണങ്ങളുണ്ടാവാറുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ രോഗം കണ്ടെത്തിയതിന് ശേഷം 157 ലബോറട്ടറി പരിശോധനയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചതായും 66 മരണങ്ങള്‍ നടന്നതായും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു.
സഊദി അറേബ്യയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൊറോണ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊറോണ ബാധ തടയാനുള്ള എല്ലാ വഴികളും സ്വീകരിക്കണമെന്നും സംശയങ്ങളും ചോദ്യങ്ങളുമുള്ളവര്‍ക്ക് +974 66740951 നമ്പറില്‍ വിളിക്കാവുന്നതാണെന്നും ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചു.