ഖത്തറില്‍ മൃഗവേട്ടയ്‌ക്കെതിരെ ശക്തമായ നടപടി

images (1) ദോഹ: കണ്‍വന്‍ഷന്‍ ഓണ്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേഡ് സ്പീഷീസിന്റെ (സൈറ്റസ്) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമുള്ള ഗതാഗത നിരോധനം നീട്ടിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. മൃഗവേട്ടയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
വേട്ടയാടപ്പെട്ട മൃഗങ്ങളെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല. സൈറ്റസിന്റെ പട്ടികയിലുള്ളവയെ ജീവനോടെയോ കൊല്ലപ്പെട്ട നിലയിലോ കൊണ്ടുപോകുന്നതിനാണ് ഖത്തര്‍ എയര്‍വേയ്‌സ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മൃഗങ്ങളുടെ തോല്‍, പല്ല് ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. സൈറ്റസിന്റെ  ഒന്നാം പട്ടികയിലുള്ളവയ്ക്ക് മാത്രമായിരുന്നു നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം സൈറ്റസിന്റെ ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറികളില്‍പ്പെട്ട എല്ലാ മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഗതാഗതനിരോധനം ഏര്‍പ്പെടുത്തി.
ആഗോളതലത്തില്‍തന്നെ മുന്‍നിരയിലുള്ള, ആറു വന്‍കരകളിലെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയര്‍ലൈനെന്ന നിലയില്‍ സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ഉത്തരവാദിത്വബോധമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുകയും മൃഗ ഉത്പന്നങ്ങളുടെ അനധികൃത കച്ചവടം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നിരോധനനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്‌സിന്റെ പിന്തുണയുണ്ടാകുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ അറിയിച്ചു.
അയ്യായിരം മൃഗങ്ങളും മുപ്പതിനായിരം സസ്യങ്ങളും ഉള്‍പ്പടെ മുപ്പത്തി അയ്യായിരം വര്‍ഗ്ഗങ്ങളാണ് സൈറ്റസിന്റെ സംരക്ഷിത പട്ടികയിലുള്ളത്. പ്രത്യേകയിനം കുരങ്ങ്, ഭീമന്‍ പാണ്ഡ, ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന കുരങ്ങുവര്‍ഗ്ഗങ്ങള്‍, ചീറ്റ,  സിംഹം, പുലി, കടുവ, ആന, കണ്ടാമൃഗം തുടങ്ങിയവയെല്ലാം സംരക്ഷിതപട്ടികയിലുണ്ട്.
സിംബാബ്‌വെയിലെ ഹവാങ് ദേശീയപാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്ന സെസില്‍ എന്ന സിംഹത്തെ അമേരിക്കന്‍ ഡോക്ടര്‍ വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് പല എയര്‍ലൈനുകളും മൃഗവേട്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ, യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈനുകളും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ നിരോധനം പ്രഖ്യാപിച്ചിരുന്നു. എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്,  ദക്ഷിണാഫ്രിക്കന്‍, വിര്‍ജിന്‍ എയര്‍ലൈനുകള്‍ സെസിലിന്റെ മരണത്തിനുമുമ്പുതന്നെ നിരോധനം പ്രഖ്യാപിച്ചിരുന്നു. സടയില്‍ ഏറെ സവിശേഷതയുള്ള കറുത്തരോമങ്ങളുള്ള സെസില്‍ എന്ന സിംഹം സിംബാബ്‌വെയിലെ പാര്‍ക്കിലെത്തുന്നവരുടെ ഇഷ്ടതാരമായിരുന്നു. ജൂലായ് ഒന്നിനാണ് സിംഹത്തെ കൊന്നത്.
ഈ സിംഹത്തെ കാണാനും ഫോട്ടോയെടുക്കാനും വേണ്ടി മാത്രമായി ഒട്ടേറെ ടൂറിസ്റ്റുകളാണ് വര്‍ഷം തോറും ദേശീയ പാര്‍ക്കിലെത്താറുള്ളത്. സെസിലിന്റെ നീക്കങ്ങള്‍ അറിയാനും പഠിക്കാനുമായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു ജി പി എസ് കോളറും ഇതിനു ഘടിപ്പിച്ചിരുന്നു.