പെട്രോളിയം ഉത്‌പന്നങ്ങളുടെ അപകട സാഹചര്യം: പൊലീസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി

plice-drivers-practiceപെട്രോളിയം ഉത്‌പന്നങ്ങളും രാസപദാര്‍ഥങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ഇവ കൈകാര്യം ചെയ്യുന്നതിനായി പൊലീസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി. എടപ്പാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡ്രൈവേസ്‌ ട്രെയിനിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ (ഐ.ഡി.ടി.ആര്‍.)ല്‍ രണ്ട്‌ ബാച്ചുകളായി നടത്തിയ ത്രിദിന പരിശീലനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 31 പൊലീസ്‌ ഡ്രൈവര്‍മാര്‍ പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചവര്‍ക്ക്‌ മാത്രമാണ്‌ ഇത്തരം ഉത്‌പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ വാഹനം ഓടിക്കുന്നതിനുമുള്ള അനുമതി ലഭിക്കുക.

നിശ്ചിത സിലബസ്‌ പ്രകാരം നടത്തിയ കോഴ്‌സില്‍ ടാങ്കര്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍, അപകട കാരണങ്ങള്‍, സുരക്ഷിത ഡ്രൈവിങ്‌ രീതികള്‍, വിവിധ രാസ പദാര്‍ഥങ്ങളുടെ പ്രത്യേകതകള്‍, പെട്രോളിയം ഉത്‌പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ കയറ്റിയ വാഹനങ്ങള്‍ അപകടത്തില്‍പെടുക, ചോര്‍ച്ചയുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട പ്രാഥമിക പ്രതിരോധ നടപടികള്‍ എന്നിവയെക്കുറിച്ച്‌ ക്ലാസെടുത്തു.

ഐ.ഡി.ടി.ആര്‍. ജോയിന്റ്‌ ഡയറക്‌ടര്‍ എം.എന്‍. പ്രഭാകരന്‍, ട്രെയിനിങ്‌ കോഡിനേറ്റര്‍ പി.എന്‍. രാജ്‌, ഗസ്റ്റ്‌ ഫാക്കല്‍റ്റിമാരായ അഡ്വ.സുകുമാര്‍, ബാലന്‍ നായര്‍, ഡേവിഡ്‌ അമല്‍രാജ്‌, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ മൂസ വടക്കേതില്‍ എന്നിവര്‍ ക്ലാസിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ഫയര്‍ ഫൈറ്റിങ്‌ ഡെമന്‍സ്‌ട്രേഷനും നടത്തി. ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്‌ പൊലീസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.