ദളിത്‌ യുവാവ്‌ പോലീസ്‌ മര്‍ദ്ദനമേറ്റ്‌ മരിച്ചു

കോട്ടയം: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ദളിത്‌ യുവാവ്‌ മര്‍ദ്ദനമേറ്റ്‌ മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്‌ക്കല്‍ സിബി(39)യാണ്‌ മരിച്ചത്‌. പോലീസ്‌ കസ്‌റ്റഡിയില്‍ മര്‍ദ്ദനമേറ്റ്‌ പരിക്കേറ്റ സിബിയെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ സിബി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല എന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു.

ജൂണ്‍ 29 നാണ്‌ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ കേസില്‍ സിബിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. കൈയില്‍ മദ്യക്കുപ്പിയുമായി ബഹളമുണ്ടാക്കിയത്‌ കൊണ്ടാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌ എന്നാണ്‌ പോലീസ്‌ മേധാവി പ്രതകിരിച്ചിരിക്കുന്നത്‌. എന്നാല്‍ സിബിയെ സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം വൈദ്യപരിശോധന പോലും നടത്തിയില്ലെന്നാണ്‌ അറിയുന്നത്‌.

സിബി മര്‍ദ്ദനമേറ്റ്‌ ആശുപത്രിയിലായതിന്‌ പിന്നാലെ മരങ്ങാട്ടുപള്ളി എസ്‌ഐ കെഎ ജോര്‍ജ്ജുകുട്ടിയെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ജില്ലാ പോലീസ്‌ മേധാവി എം പി ദിനേശിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. സിബിയെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.