ബാംഗ്ലൂരില്‍ പ്ലാസ്റ്റിക്‌ കൈവശം വെച്ചാല്‍ ഇനി 500 രൂപ പിഴ

imagesബംഗളൂരു: പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 500 രൂപ പിഴയൊടുക്കേണ്ടിവരും. നിയമം ലംഘിച്ചാല്‍ പിഴ ആയിരം രൂപയായി ഉയരും. ബംഗളൂരു ബൃഹത് മഹാനഗരപാലികെ കമ്മീഷണര്‍ എന്‍. മഞ്ജുനാഥാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ മേഖല ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

നേരത്തെ നഗരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ലെന്നു മാത്രമല്ല പ്ലാസ്റ്റിക് വസ്തുക്കള്‍ കുന്നുകൂടുന്നത് വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കര്‍ണാടക മുനിസിപ്പല്‍ നിയമത്തിലെ 431-ാം ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു.

ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്. മേഖല ഓഫീസര്‍മാര്‍ ഇത്തരം സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മാണ കേന്ദ്രങ്ങളേയും നിയന്ത്രിക്കും. ഇതിനായി കര്‍ണാടക മാലിന്യ നിയന്ത്രണ ബോര്‍ഡിന്റേയും പൊലീസിന്റേയും സഹായം തേടിയിട്ടുണ്ട്.