പേള്‍ ഖത്തറില്‍ കാല്‍നട യാത്രക്ക്‌ സൗകര്യം വേണമെന്ന ആവശ്യവുമായി താമസക്കാര്‍

download (2)ദോഹ: പേള്‍ ഖത്തറില്‍ സുരക്ഷിതമായ കാല്‍നട യാത്രക്കുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ഒരുവിഭാഗം താമസക്കാര്‍ മാനേജ്‌മെന്റ് കമ്മിറ്റി നിവേദനം നല്കി. പേള്‍ ഖത്തറില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന പ്രധാനപ്പെട്ട രണ്ടുഭാഗങ്ങള്‍ തമ്മില്‍ കാല്‍നട യാത്രക്കായി ബന്ധിപ്പിക്കണമെന്നതാണ് ആവശ്യം.
പോര്‍ട്ടോ അറേബ്യയെ ഖനാട്ട് ക്വാര്‍ട്ടറുമായി ബന്ധിപ്പിക്കണമെന്നതാണ് യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിക്ക് നല്കിയ ആവശ്യത്തില്‍ പ്രധാനപ്പെട്ടത്. നിലവില്‍ ആറ് ലൈന്‍ പോര്‍ട്ടോ അറേബ്യ പാതയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയത്. പോര്‍ട്ടോ അറേബ്യയിലാണ് പേള്‍ ഖത്തറിലെ പ്രധാനപ്പെട്ട കടകളും റസ്റ്റോറന്റുകളും മറ്റ് ആകര്‍ഷണ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ഖനാട്ട് ക്വാര്‍ട്ടറിന് സമീപം ജനുവരിയില്‍ മര്‍സ മലാസ് കെംപിന്‍സ്‌കി ഹോട്ടല്‍ ആരംഭിച്ചതോടെ ഇരു സ്ഥലങ്ങളും തമ്മില്‍ കാല്‍നട ബന്ധം വേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയായിരുന്നു. അതേസമയം മര്‍സ മലാസിന് ചുറ്റും വളര്‍ത്തു നായകളുമായി നടക്കാന്‍ അനുവദിക്കുമെന്നത് പേള്‍ ഖത്തറിലെ താമസക്കാരെ ആകര്‍ഷിക്കുന്നുണ്ട്. പോര്‍ട്ടോ അറേബ്യയിലെ നടപ്പാതയിലൂടെ ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി നടത്തം അനുവദനീയമല്ല.
ഖത്തര്‍ കൂളിംഗ് ബില്‍ഡിംഗിന് സമീപത്തെ ട്രാഫിക്ക് ലൈറ്റില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ക്രോസിംഗ് ഉണ്ടെങ്കിലും അത് ഇരു സ്ഥലങ്ങളും തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ശരിയായ സ്ഥലത്തല്ല ഉള്ളതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ലൈറ്റ് കൂടുതല്‍ സമയം തെളിയുന്നില്ലെന്നും പരാതിയുണ്ട്. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള സമയം ഈ ലൈറ്റില്‍ ലഭിക്കുന്നില്ലെന്നും പറയുന്നു.
നേരത്തെ വിവ ബഹറിയയില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് പ്രവാസിയായ മേരി ഹര്‍ട്ടിഗാന്‍ ഈ കാര്യത്തെ കുറിച്ച് ഓണ്‍ലൈന്‍ വഴി പരാതി നല്കിയിരുന്നതായി പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വിവയില്‍ നിന്നും ഖനാട്ട് ക്വാര്‍ട്ടിയറിലേക്ക് മാറിയത്. കുട്ടികളേയും വളര്‍ത്തു മൃഗങ്ങളേയും കൂട്ടി റോഡ് മുറിച്ചു കടക്കാന്‍ നടത്തുന്ന പ്രയാസകരമായ കാഴ്ചയാണ് പരാതി നല്കാന്‍ കാരണമാക്കിയതെന്നും അവര്‍ പറയുന്നു.