പത്മനാഭസ്വാമി ക്ഷേത്ര ഭരണകാര്യത്തില്‍ രാജകുടുംബാംഗങ്ങള്‍ ഇടപെടരുത്; അമികസ്‌ക്യൂറി

crores-of-treasure-in-sree-padmanabhaswamy-templeദില്ലി : ശ്രീ പത്മനാഭ സ്വാമിക്ഷേത്ര ഭരണാധികാര്യത്തില്‍ രാജകുടുംബാംഗങ്ങള്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിയമിച്ച അമികസ്‌ക്യൂറി. രാജകുടുംബത്തിന് അഭിപ്രായങ്ങള്‍ രേഖാമൂലം അറിയിക്കാമെന്നും ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കാനായി ഇടക്കാല ഭരണസമിതിയെ നിയമിക്കണമെന്നും സുപ്രീം കോടതി സമര്‍പ്പിച്ച 550 പേജുള്ള റിപ്പോര്‍ട്ടില്‍ അമികസ്‌ക്യൂറി ആവശ്യപ്പെടുന്നു. ക്ഷേത്രത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് അമികസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്ര നടത്തിപ്പില്‍ ഭരണാധികാരകളെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളയണമെന്നും ക്ഷേത്ര ഭരണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായും ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ ഒഴിവാക്കണമെന്നും, ക്ഷേത്ര കണക്കുകള്‍ മുന്‍ സിഎജി വിനോദ് റായിയെ കൊണ്ട് അനേ്വഷിപ്പിക്കണമെന്നും അമികസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കൂടാതെ ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ അമികസ്‌ക്യൂറി കുറ്റപ്പെടുത്തുന്നുണ്ട്. ക്ഷേത്ര നിലവറകളുടെ താക്കോല്‍ ജഡ്ജിയെ ഏല്‍പ്പിക്കണം. ക്ഷേത്ര സ്വത്തിന്റെ മൂല്ല്യ നിര്‍ണ്ണയം കാര്യക്ഷമമല്ല. മൂല്ല്യ നിര്‍ണ്ണയത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതിയെ മാറ്റുന്ന കാര്യം പരിഗണിക്കണം. രണ്ട് പുതിയ നിലവറകള്‍ കൂടി മൂല്ല്യ നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ അമിസ്‌കസ്‌ക്യൂറി പറയുന്നു.

സര്‍ക്കാരിന് സമാന്തരമായി തിരുവനന്തപുരത്ത് രാജഭരണം ഉണ്ട്. സംഘടതിമായി സ്വര്‍ണ്ണം കടത്താന്‍ ഉന്നതര്‍ ശ്രമം നടത്തുന്നതായി സംശയിക്കുന്നു. ഇത് തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ മാരക ആക്രമണം ഉണ്ടായി. ഒരു ജീവനക്കാരന്റ ശരീരത്തില്‍ ആസിഡൊഴിച്ച സംഭവം ഇതുവരെ അനേ്വഷിച്ചില്ല. ക്ഷേത്രകുളത്തില്‍ മൃതദേഹം കണ്ടെത്തിയതും പോലീസ് അന്വേഷിച്ചില്ലെന്നും ക്ഷേത്ത്രിനുള്ളില്‍ സ്വര്‍ണ്ണം പൂശുന്ന യന്ത്രം കണ്ടെത്തിയതായും അമികസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ തടയണം. പരാതികള്‍ പരിഗണിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കണം. സുപ്രീം കോടതി വിധി ക്ഷേത്ര അധികാരികള്‍ മാനിച്ചില്ല. കോടതി വിധി കീറിയെറിഞ്ഞു . ബി നിലവറ ഒന്നിലേറെ തവണ തുറന്നിട്ടുണ്ടെന്നും അമികസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിന്റെ നടത്തിപ്പിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെവി വിശ്വനാഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് 23 ന് പരിഗണിക്കും.