പരപ്പനങ്ങാടിയില്‍ കിണറില്‍ കീടനാശിനി കലര്‍ത്തിയതായി പരാതി

പരപ്പനങ്ങാടി: വീട്ടുമുറ്റത്തെ കിണറില്‍ കീടനാശിനി കലര്‍ത്തിയതായി പരാതി. പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശത്തുള്ള കല്ലേങ്ങല്‍ അസീസിന്റെ കിണറിലെ വെള്ളമാണ് കീടനാശിനി കലര്‍ത്തിയതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമായത്.

വ്യാഴാഴ്ച രാവിലെ വെള്ളത്തില്‍ നിന്നും രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. സമീപത്തു നിന്നും കീടനാശിനിയും ഒഴിഞ്ഞ കുപ്പിയും കവറും കണ്ടെത്തിയതോടെയാണ് വെള്ളത്തില്‍ കലര്‍ത്തിയത് കീടനാശിനിയാകാമെന്ന നിഗമനത്തില്‍ എത്തിയത്.

സ്ഥലത്തെത്തിയ കൗണ്‍സിലര്‍ ഭവ്യ രാജ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വെള്ളം പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.

നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ഇത്തരത്തില്‍ കുടിവെള്ളം വേനല്‍കാലത്ത് ഉപയോഗ ശൂന്യമാക്കിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.