സമയം : രാവിലെ 8 മണി, പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര.

ksrtc 1സമയം : രാവിലെ 8 മണി
പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര.

യാത്ര ഗുരുവായൂരില്‍ നിന്നും കണ്ണൂരിലക്കുള്ള കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍

യാത്ര തുടങ്ങി ഒരല്‍പ നേരമെ ആയൊള്ളൂ. വാഹനാപകടത്തില്‍ ഒരു പിതാവിന്റെയും പുത്രിയുടെയും ജീവന്‍ അപഹരിച്ച ചെട്ടിപ്പടിയില്‍ വച്ച് ഒരു ബൈക്ക് യാത്രികന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ബസ് യാത്രികരുടെ നെറ്റി പൊട്ടിച്ചു. നല്ല തുടക്കം. ശുഭ യാത്ര.

വീണ്ടും ദേശീയപാതയില്‍ വച്ച് അന്യ സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ച് പോവുകയായിരുന്ന ലോറിക്കാരന്റെ വക അടുത്ത സമ്മാനം. തുടര്‍ന്നങ്ങോട്ട് കോഴിക്കോട്ടെത്തുന്ന വരെ തലനാരിഴക്ക് രക്ഷപ്പെട്ട ചെറുതും വലുതുമായ നിരവധി അപകട മുഹൂര്‍ത്തങ്ങള്‍. ഹെല്‍മറ്റിനുള്ളില്‍ ഫോണ്‍ വച്ച് സംസാരിച്ചും, പകല്‍ കിനാവുകണ്ട് റോഡിലൂടെ നടന്നും അപകടത്തിനു നേരെ പാഞ്ഞടുക്കുന്നവര്‍ ഒരു വശത്ത്. ട്രാഫിക് നിയമങ്ങള്‍ ഒന്നും ജനങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടില്‍ ജനങ്ങളെ കൊല്ലാന്‍ കരാറെടുത്ത് വാഹനമോടിക്കുന്നവര്‍ മറുവശത്ത്. ഇതെല്ലാം കണ്ട് പകച്ചു നില്‍ക്കുകയാണ് വേറൊരുകൂട്ടം ജനങ്ങള്‍. പാവം നമ്മുടെ നാട്ടിലെ വൃദ്ധ ജനങ്ങളുടെ കാര്യമാണ് കഷ്ടം. മിന്നല്‍ പിണര്‍ കണക്കെ വാഹനങ്ങള്‍ ചീറിപായുന്ന നമ്മുടെ റോഡുകളിലൂടെ അധികകാലം അവര്‍ക്ക് ഇനി യാത്ര ചെയ്യാനാവുമെന്ന് തോന്നുന്നില്ല. സീബ്രാ ലൈനുകളില്‍ പോലും നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു പാടു പേരെ ഞാനീ യാത്രയില്‍ കണ്ടു. അധികം താമസിയാതെ നമ്മുടെ നാട്ടിലെ റോഡുകളില്‍ നമുക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് കാണാം.
“വയോജനങ്ങള്‍ക്ക് പ്രവേശനമില്ല”.

കേരളത്തിലെ റോഡുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ ഒരു ചെറിയ യാത്രാനുഭവം മാത്രമാണിത്. എന്ന് നമ്മുടെ ഓരോ യാത്രയും ജീവിതത്തിനും മരണത്തിനും ഇടക്കായി മാറിയിരിക്കുന്നു.

ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരുമെന്ന വിശ്വാസത്തേടെ വീണ്ടും യാത്ര തുടര്‍ന്നു.

കോഴിക്കോട് സ്റ്റാന്റില്‍ ബസ്സിറങ്ങിയപ്പോള്‍ സമയം 8 മണി കഴിഞ്ഞ് 50 മിനുട്ട്. വെറും 50 മിനുട്ടുകൊണ്ട് പരപ്പനങ്ങാടിയല്‍ നിന്ന് കോഴിക്കേട്ടെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും തടി കേടാക്കാതിരുന്ന ദൈവത്തിനും നന്ദി പറഞ്ഞ് ബസില്‍ നിന്നിറങ്ങിയപ്പോള്‍ പണ്ട് വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ ശ്രീമാന്‍ കുതിരവട്ടം പപ്പുവിന്റെ ഒരു ഡയലോഗ് ഓര്‍മ്മ വന്നു.
“ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ”