പരപ്പനങ്ങാടിയില്‍ വീടിനുമേല്‍ കരിഓയില്‍ ഒഴിച്ചും കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പിലെ മുടികൊണ്ടിട്ടും നശിപ്പിച്ചു

parappanangadiപരപ്പനങ്ങാടി:രാത്രിയുടെ മറവിൽ വീടിന് മേൽ കരി ഓയിൽ ഒഴിച്ചും കിണറ്റിൽ ബാർബർ ഷോപ്പിൽ നിന്നുളള മുടികളും കൊണ്ടിട്ട് നശിപ്പിച്ചതായി പരാതി. പരപ്പനങ്ങാടി ചിറമംഗലം ഉപ്പൂണിപ്പുറം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാട്ടിൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് വീട്ടുടമയായ ഉണ്ണികൃഷ്ണൻ സംഭവമറിയുന്നത്. പത്രവിതണക്കാരനായ പരപ്പനങ്ങാടി ചിറമംഗലം കാട്ടിൽ ഉണ്ണികൃഷ്ണൻ പുലർച്ചെ നാലുമണിയോടെ പത്രവിതരണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് കിണറിനരികെ ബാർബർ ഷോപ്പിൽ നിന്നുളള മുടികൾ കാണപ്പെട്ടത്. പിന്നീട് വീടിന് മുൻവശത്തെത്തിയ വീട്ടുടമ കണ്ടത് വീടിന്റെ മുൻഭാഗത്തും ചുമരിലുമൊക്കെയായി കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിലായിരുന്നു.  ഭാരതീയ ജനതാപാർട്ടിയുടെ പരപ്പനങ്ങാടി ഏരിയ പ്രസിഡണ്ടാണ് ഉണ്ണികൃഷ്ണൻ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുളളതായിരിക്കാം ഇതെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.
പത്തു വർഷത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പണി പൂർത്തിയായി വരുന്നേയുളളൂ. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന ഉണ്ണികൃഷ്ണന്റെ കുടുംബം തൊട്ടടുത്ത് തന്നെ ഒരു ഷെഡിലാണ് താമസിക്കുന്നത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.