കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മാണിക്ക് സിപിഎം പിന്തുണ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്-എല്‍ഡിഎഫ് ധാരണ. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പിന്തുണയ്ക്കും.തെരഞ്ഞെെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) ഒറ്റയ്ക്ക് മത്സരിക്കും. സക്കറിയ കുതിരവേലിയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

സിപിഐഎം-കേരളകോണ്‍ഗ്രസ്സ് കൂട്ടുകെട്ടിലൂടെ ഒരാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കുവാനാണ് നീക്കം. എന്നാല്‍ ഈ കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നതയും രൂക്ഷമാണ്. കേരള കോണ്‍ഗ്രസ്സ് യുഡിഎഫ് വിട്ടശേഷമുള്ള ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണി  വിഭാഗം സ്വീകരിക്കുന്ന നിലപാടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണിയുമായി ധരണയുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറണെന്ന് ജോസഫ് വിഭാഗത്തിന്റെ ഭാഗത്തുനിന്നും ആവശ്യമുയരുന്നുണ്ടെന്നും സൂചയുണ്ട്. തീരുമാനത്തില്‍ സിപിഐയുടെ ഭാഗത്തു നിന്നും ഭിന്നത രൂക്ഷമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും സിപിഐ അംഗം വിട്ടു നില്‍ക്കുമെന്നാണ് വിവരം.

നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ ജോഷിഫിലിപ്പ് ഡിസിസി പ്രസിഡന്റ് ആയതിനെ തുടര്‍ന്നാണ് ജില്ലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ രണ്ടരവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിനും, തുടര്‍ന്നുള്ള  രണ്ടരവര്‍ഷം കേരള കോണ്‍ഗ്രസ്സിനും എന്നതായിരുന്നു കരാര്‍. എന്നാല്‍ പുതിയ രാഷ്ടീയ സാഹചര്യത്തില്‍ മുന്‍തീരുമാനത്തില്‍നിന്നും കേരളകോണ്‍ഗ്രസ്സ് പിന്‍മാറുകയായിരുന്നു.