ഒളിമ്പിക്‌സ്‌;ടെന്നീസ് വനിത ഡബിള്‍സില്‍ സാനിയ– പ്രാര്‍ത്ഥന സഖ്യത്തിന് തോല്‍വി

mirza-thombare-759റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ– പ്രാര്‍ത്ഥന തോംബാര്‍ സഖ്യത്തിന് തോല്‍വി.

മാരത്തണ്‍ മത്സരത്തിനൊടുവിലാണ് ചൈനയുടെ ഷ്വായ് പെങ്ങ്– ഷ്വായ് സാങ്ങ് സഖ്യത്തിനോട് സാനിയ– തോംബാര്‍ സഖ്യം കീഴടങ്ങിയത്. സ്കോര്‍: 7–6, 5–7, 7–5. ആദ്യ സെറ്റില്‍ ചൈനീസ് സഖ്യം ആധിപത്യം പുലര്‍ത്തിയെങ്കിലും, രണ്ടാം സെറ്റില്‍ വന്‍ തിരിച്ചുവരവാണ് സാനിയ– തോംബാര്‍ സഖ്യം കാഴ്ച വെച്ചത്. മുന്നാം സെറ്റില്‍ സ്കോര്‍ ഒപ്പത്തിനൊപ്പം നീങ്ങിയെങ്കിലും 5–5 എന്ന നിലയില്‍ നില്‍ക്കെ ഷ്വായ് പെങ്ങ്– ഷ്വായ് സാങ്ങ് സഖ്യം നടത്തിയ പ്രകടനം കളിയുടെ ഗതി നിര്‍ണ്ണയിച്ചു. മത്സരം രണ്ട് മണിക്കൂറും 44 മിനിട്ടും നീണ്ടു നിന്നു.

നേരത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി, പുരുഷ വിഭാഗം ഡബിള്‍സ് ടെന്നീസിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ലിയാണ്ടര്‍ പേസ്– രോഹന്‍ ബൊപ്പണ്ണ സഖ്യം പോളിഷ് സഖ്യമായ ലൂക്കാസ് ഖൂബോട്ട്– മാര്‍കിന്‍ മാറ്റ് കോവ്സ്ക്കിയോടാണ് പരാജയം ഏറ്റു വാങ്ങിയത്. സ്കോര്‍: 6–4, 7–6 (86)