ഒഎന്‍വി കുറുപ്പ്‌ അന്തരിച്ചു

Story dated:Saturday February 13th, 2016,06 08:pm

onvതിരുവനന്തപുരം: ജ്ഞാനപീഠ ജേതാവും മലയളാത്തിലെ പ്രശസ്‌ത കവിയുമായ ഒഎന്‍വി കുറുപ്പ്‌(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന്‌ അദേഹം കുറച്ച്‌ നാള്‍ മുന്‍പ്‌ ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി അദേഹം വിടവാങ്ങിയത്‌.

1931 മെയ്‌ 27 ന്‌ കൊല്ലം ചവറയിലാണ്‌ ഒഎന്‍വി ജനിച്ചത്‌. എസ്‌എന്‍ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഒഎന്‍വി അനേകം വര്‍ഷങ്ങള്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു.സാഹിത്യ രംഗത്തെ സംഭവനകള്‍ പരിഗണിച്ച്‌ 2007 ലെ ജ്ഞാനപീഠ പുരസ്‌ക്കാരം ഒഎന്‍വിക്ക്‌ ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പത്മശ്രീ(1998), പത്മവിഭൂഷണ്‍(2011)തുടങ്ങിയ ബഹുമതികളും അദേഹത്തിന്‌ ലഭിച്ചു.

കവിയെന്നതിലരുപരി ഗാനരചയിതാവെന്ന നിലയിലും ഒഎന്‍വി ശ്രദ്ധ നേടിയിരുന്നു. 13 തവണ സംസ്ഥാനചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഒഎന്‍വിക്ക് വൈശാലി എന്ന ചിത്രത്തിലെ ഗാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1971-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1975-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, 2008-ല്‍ സംസ്ഥാനസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ നല്‍കി സാഹിത്യലോകം അദ്ദേഹത്തെ ആദരിച്ചു.