എന്‍ സി സി ക്യാമ്പിനിടെ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു

NCCവടകര: എന്‍ സി സി ക്യാമ്പില്‍ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വടകര സ്വദേശി കുഞ്ഞമ്മതിന്റെ മകന്‍ അനസ്‌(18) ആണ്‌ മരിച്ചത്‌. ബാംഗ്ലൂരിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കല്ലിക്കണ്ടി എന്‍ എ എം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അനസ്‌.കൂത്തുപറമ്പ്‌ നിര്‍മ്മലഗിരി കോളേജില്‍ വെച്ച്‌ നടന്ന കണ്ണൂര്‍ 31 കേരള ബെറ്റാലിയന്‍ എന്‍ സി സിയുടെ വാര്‍ഷിക ക്യാമ്പിനിടയിലായിരുന്നു അപകടം സംഭവിച്ചത്‌. വനിതാ കാഡറ്റ്‌ വെടിയുതിര്‍ത്തപ്പോള്‍ അബദ്ധത്തില്‍ അനസിന്‌ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ സമീപത്തെ ക്രിസ്‌തുരാജ ആശുപത്രിയിലും പിന്നീട്‌ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ചികില്‍സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സക്കായി ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുകയായിരുന്നു.

രണ്ട്‌ മാസം മുമ്പാണ്‌ സംഭവം നടന്നത്‌. വിദ്യാര്‍ത്ഥികളുടെ ഫയറിംഗ്‌ പരിശീലനത്തിനുള്ള ടാര്‍ഗറ്റ്‌ ക്രമീകരിക്കുകയായിരുന്നു അനസ്‌. എന്നാല്‍ ഇതിനിടയില്‍ ഇളകിപോയ ടാര്‍ഗറ്റ്‌ ശരിയാക്കാനായി അനസ്‌ തിരിച്ചെത്തിയത്‌ അറിയാതെയാണ്‌ വനിതാകാഡറ്റ്‌ വെടിയുതിര്‍ത്തത്‌. നെഞ്ചിന്‌ വലതുവശത്തായാണ്‌ അനസിന്‌ വെടിയേറ്റത്‌.