വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കാനുള്ള സമ്മതപത്രമല്ല;മഞ്ജു വാര്യര്‍

Story dated:Friday January 6th, 2017,12 30:pm

ബംഗലൂരുവില്‍ പുതുവര്‍ഷത്തലേന്ന് വഴിയാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന അതിക്രമത്തില്‍ ശക്തമായ പ്രതിഷേധവുമായി മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

മഞ്ജുവാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്;

ബാഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാൾ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക? നിർഭയമായ ലോകമാണ് നിങ്ങൾക്കുള്ള വാഗ്ദാനമെന്ന് നെഞ്ചിൽ കൈവച്ച്, എന്നാണ് ഇക്കൂട്ടർക്ക് ഞങ്ങളോട് പറയാനാകുക?

റോഡിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത് സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.