പെരുവള്ളൂര്‍ സ്വദേശി മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Untitled-1 copyതേഞ്ഞിപ്പലം : പെരുവള്ളൂര്‍ സ്വദേശിയും ബിസിനസുകാരനുമായ യുവാവ്‌ മൈസൂരില്‍ റൂമിനകത്ത്‌ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. പറമ്പില്‍പീടിക കാക്കത്തടം പരേതനായ ചൊക്ലി ഹസ്സന്റെ മകന്‍ നാസര്‍ (42) ആണ്‌ മരിച്ചത്‌. തന്റെ ഉടമസ്ഥതയില്‍ മൈസൂരില്‍ പുതുതായി ആരംഭിച്ച ബേക്കറി ഇന്നലെ വൈകുന്നേരം നാല്‌ മണിക്ക്‌ ഉദ്‌ഘാടനം നിശ്ചയിച്ചതിനിടയിലാണ്‌ നാസറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബിസിനസ്‌ ആവശ്യാര്‍ത്ഥം മൈസൂരിലേക്ക്‌ നാല്‌ മാസം മുമ്പ്‌ പോയതായിരുന്നു. ബേക്കറി ജോലിക്കുള്ള തൊഴിലാളികളെയെല്ലാം ഏര്‍പ്പാടാക്കിയിരുന്നു. ബേക്കറി ഉദ്‌ഘാടനത്തിനായി മകനും സുഹൃത്തുക്കളും ഇന്നലെ ഉച്ചയോടെ നാട്ടില്‍ നിന്നും മൈസൂരിലേക്ക്‌ പുറപ്പെട്ടിരുന്നു. മൈസൂരിലേക്കുള്ള യാത്രാ മധ്യേയാണ്‌ നാസറിന്റെ മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്‌.
12 മണിക്ക്‌ ജുമുഅ നിസ്‌കാരത്തിന്‌ പോവാനെന്ന്‌ പറഞ്ഞാണ്‌ നാസര്‍ റൂമിലേക്ക്‌ പോയത്‌. ജുമുഅ നിസ്‌കാരം കഴിഞ്ഞ്‌ ഏറെ നേരം കഴിഞ്ഞിട്ടും വിവരമുണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന്‌ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നാസറിനെ ഫോണില്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‌ റിങ്‌ റോഡിലെ തന്റെ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ്‌ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്‌. മൃതദേഹം മൈസൂരിലെ സ്വകാര്യ ആസ്‌പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ: സഹ്‌ല, മക്കള്‍: അല്‍ത്താഫ്‌ ഹസന്‍, അസ്‌നാന്‍, അഫ്‌ന, അംന. പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു നാസര്‍.