ചേളാരി വിഎച്ച്‌സിയിലെ ഔഷധത്തോട്ടവും കുടിവെള്ള പൈപ്പും തര്‍ത്തു

തിരൂരങ്ങാടി: ചേളാരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഔഷധതോട്ടവും കുടിവെള്ള പൈപ്പുകളും സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു. സര്‍ക്കാരിന്റെ സ്റ്റേറ്റ് മെഡിസിനല്‍ പ്ളാന്റ്സ് ബോര്‍ഡിന്റെയും കോട്ടക്കല്‍ ആര്യവൈദ്യശാല സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ളാന്റ്സ് റിസര്‍ച്ചിന്റെയും സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഔഷധത്തോട്ടം തയ്യാറാക്കിയത്. വ്യാഴാഴ്ച രാത്രിയാണ് അതിക്രമം നടന്നത്.

അമ്പത്തിനാലിലധികം വരുന്ന ഇനങ്ങള്‍ ചട്ടികളിലും ബാഗുകളിലുമായാണ് നട്ടിരുന്നത്. ഇവ പൂര്‍ണമായും നശിപ്പിച്ചു. ചട്ടികള്‍ തകര്‍ത്ത് ചെടികള്‍ പിഴുതെറിഞ്ഞു. സ്കൂള്‍ ഓഫീസിന്റെ മുന്നിലാണ് തകര്‍ത്ത ചട്ടികളില്‍ പലതും സാമൂഹ്യദ്രോഹികള്‍ കൊണ്ടിട്ടത്. ഔഷധത്തോട്ടത്തിനടുത്തുതന്നെ കൃഷിചെയ്തിരുന്ന പച്ചക്കറികളും നശിപ്പിച്ചു. കുട്ടികളുടെ പരാതിപ്പെട്ടിയും തകര്‍ത്തു. കുടിവെള്ള പൈപ്പുകളും ബാത്ത്റൂമിലെ ടാപ്പുകളും കേടുവരുത്തി. പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന മഴവെള്ള സംഭരണിയുടെ വാള്‍വുകളും ടാപ്പും നശിപ്പിച്ചിട്ടുമുണ്ട്.

സംഭവത്തില്‍  തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയതായി പ്രധാനാധ്യാപിക കെ ടി വൃന്ദകുമാരിയും പിടിഎ പ്രസിഡന്റ് കെ ഗോവിന്ദന്‍കുട്ടിയും അറിയിച്ചു.