തേഞ്ഞിപ്പലത്ത്‌ ക്ഷേത്രത്തിനരികില്‍  ജോലി ചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീപടര്‍ന്ന് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

untitled-1-copyതേഞ്ഞിപ്പലം: കുടുംബക്ഷേത്രത്തോടു ചേര്‍ന്ന ഷെഡില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീ ആളിപടര്‍ന്ന് തൊഴിലാളികളായ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. കടക്കാട്ടുപാറ സ്വദേശികളായ കഞ്ഞിക്കുളങ്ങര തൊട്ടിയില്‍ കുഞ്ഞിപോക്കറിന്റെ മകന്‍ ജുനൈദ് (23), പുതുകുളങ്ങര കുക്കുണ്ടായി പരീതിന്റെ മകന്‍ നുജൈദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരീരത്തില്‍ മാരകമായ പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

കടക്കാട്ടുപാറയിലെ ചൂലന്‍കുട്ടി കോമരത്തിന്റെ കുടുംബക്ഷേത്രമായ പിച്ചനാടത്തില്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഷെഡില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ക്ഷേത്ര ഷെഡിന് ഇരുമ്പ് ഡ്രില്ലും ഡോറും സ്ഥാപിക്കുന്നതിനിടെ വെല്‍ഡിംഗ് മെഷീനില്‍ നിന്നുള്ള തീപൊരി ഷെഡിനുള്ളില്‍ സൂക്ഷിച്ച കരിമരുന്നിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ശക്തമായ നിലയില്‍ തീ ആളിപടരുകയും തൊഴിലാളികളായ യുവാക്കള്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.

ജോലിക്കിടെ ഷെഡിന്റെ ഉള്‍വശത്തായിരുന്ന ജുനൈദിനാണ് കൂടുതല്‍ ഗുരുതരമായി പെള്ളലേറ്റത്. പെള്ളലേറ്റതിനെ തുടര്‍ന്ന് യുവാക്കള്‍ സമീപത്തെ കിണറ്റില്‍ ചാടി. സംഭവമറിഞ്ഞ് ഓടിയെത്തിയ സമീപവാസികളും യാത്രക്കാരും ചേര്‍ന്നാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. സ്‌ഫോടക വസ്തു അലക്ഷ്യമായി സൂക്ഷിച്ചതിന് ചൂലന്‍കുട്ടിക്കെതിരെ തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. ക്ഷേത്രത്തില്‍ പൂജയോടനുബന്ധിച്ച വെടിവഴിപാടിനായി കദീന പൊട്ടിക്കാന്‍ കൊണ്ടുവന്ന കരിമരുന്നാണ് ആളിപടര്‍ന്നത്.

Related Articles