ചമ്രവട്ടം അയ്യപ്പ ക്ഷേത്ര പുനരുദ്ധാരണത്തിന് പൊന്നാനി ജാറം കമ്മിറ്റിയുടെ സഹായം

മതസൗഹാര്‍ദ്ദത്തിന്റെ മലപ്പുറം പെരുമ

പൊന്നാനി:: മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ധ സ്‌നേഹപ്പെരുമക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി . പ്രശസ്തമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്റെ പുനരുദ്ധാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി വലിയജാറം കമ്മിറ്റിയുടെ സഹായം. ഇതിനായി പൊന്നാനി വലിയജാറം കമ്മിറ്റി സമാഹരിച്ച തുക ക്ഷേത്ര പുനരുദ്ധാരണ സമിതിക്ക് കൈമാറി. ചമ്രവട്ടം അയ്യപ്പക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജാറം കമ്മിറ്റി ഭാരവാഹികള്‍ നേരിട്ട് കൈമാറുകയായിരുന്നു.

നേരത്തെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വലിയ ജാറം കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി പുനരുദ്ധാണത്തിനുള്ള സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. അന്നുണ്ടായ തീപിടുത്തത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ചില സംഘടനകളുടെ നീക്കത്തെ ജനം ഒറ്റക്കെട്ടായാണ് പ്രതിരോധിച്ചത്.

സഹായം കൈമാറുന്ന ചടങ്ങില്‍ കെ എം മുഹമ്മദ് കാസിം, വി സെയ്ദ് മുഹമ്മദ് തങ്ങള്‍, കെ ജയപ്രകാശന്‍, കെ ആര്‍ രാമനുണ്ണി നമ്പൂതിരി, സി എം ഹനീഫ മുസ്ല്യാര്‍, കെ പി രാധാകൃഷ്ണന്‍, കെ എം ഇബ്രാഹിംഹാജി, എ വി പ്രവീണ്‍ കുമാര്‍, പിപി ഉമ്മര്‍ മുസ്ല്യാര്‍, കൃഷ്ണന്‍ കടമ്പില്‍, കെ എം മുഹമ്മദ് ഫൈസല്‍, എ വി സുധീര്‍, കണ്ണത്ത് വാസു തുടങ്ങയവര്‍ സംബന്ധിച്ചു.