മലപ്പുറം ജില്ല കഞ്ചാവ്‌ പുകയില്‍; താനൂരില്‍ യുവാവുംയുവതിയും പിടിയില്‍

Untitled-1 copyമലപ്പുറം: ജില്ലയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നു. കിലോകണക്കിന്‌ കഞ്ചാവാണ്‌ ഓരോ ദിവസവും എക്‌സൈസും പോലീസും പിടിച്ചെടുക്കുന്നത്‌. ഇന്നലെ മലപ്പുറത്ത്‌ വില്‍പ്പനയ്‌ക്കായി കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ്‌ എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡും താനൂരില്‍ 2 കിലോ കഞ്ചാവ്‌ പോലീസും പിടികൂടിയിരുന്നു.

താനൂരില്‍ കഞ്ചാവുമായി യുവതിയടക്കം രണ്ടുപേരാണ്‌ പിടിയിലായത്‌. കണ്ണന്തള്ളിയിലെ വി കെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചപ്പങ്ങത്തില്‍ അബ്ദുള്‍ സലാം(32), ആന്ധ്ര ചിറ്റൂര്‍ ചന്ദ്രഗിരി ബിഡി കോളനി സ്വദേശി നസീമ(21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കഞ്ചാവ്‌ പകുതിയിലധികവും ഇവര്‍ 130 പോളിത്തീന്‍ പാക്കുകളിലാക്കിയ നിലയിലായിരുന്നു. ഇവിടെ നിന്ന്‌ ത്രാസും കണ്ടെടുത്തു.നസീമ ഭാര്യയാണെന്നാണ്‌ സലാം പോലീസില്‍ നല്‍കിയ മൊഴി. കഞ്ചാവ്‌ എവിടെ നിന്നാണ്‌ കിട്ടിയതെന്ന്‌ പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌. പ്രതികളെ വെള്ളിയാഴ്‌ച വടകര നര്‍ക്കോട്ടിക്ക്‌ കോടതിയില്‍ ഹാജരാക്കും.

പിടിയിലായ പ്രതി സലാം പരപ്പനങ്ങാടി, കാളികാവ്‌ എക്‌സൈസ്‌ റെയ്‌ഞ്ചുകളിലെ നിരവധി കഞ്ചാവ്‌ കേസുകളില്‍ നേരത്തെ പ്രതിയാണ്‌. തിരൂരങ്ങാടിയിലും വേങ്ങരയിലും ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുണ്ട്‌.

താനൂര്‍ സിഐ ബിജോയ്‌, എഎസ്‌ഐമാരായ ബാബുരാജ്‌, ജയപ്രകാശ്‌, സിപിഒമാരായ നവീന്‍ ബാബു, വിദ്യ,സുധീഷ്‌,ആല്‍ബിന്‍ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.