2005 വരെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്ക്‌ പട്ടയം നല്‍കും

SECREതിരുവനന്തപുരം: സംസ്ഥാനത്തെ കയ്യേറ്റ ഭൂമികള്‍ക്ക്‌ നിയമസാധുത നല്‍കിക്കൊണ്ട്‌ റവന്യൂ വകുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. 2005 ജൂണ്‍ 1 വരെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്ക്‌ നിയമസാധുത നല്‍കിക്കൊണ്ടാണ്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്‌. നിലവിലെ നിയമപ്രകാരം 1971 ആഗസ്‌ത്‌ വരെയുള്ള കയ്യേറ്റങ്ങള്‍ക്ക്‌ മാത്രമേ നിയമസാധുത നല്‍കുന്നുള്ളു. ഈ നിയമത്തില്‍ ഭേതഗതി വരുത്തിക്കൊണ്ടാണ്‌ സര്‍ക്കാര്‍ സാധാരണമായ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്‌.

4 ഏക്കര്‍ വരെയുള്ള കയ്യേറ്റ ഭൂമിക്കാണ്‌ നിയമസാധുത ലഭിക്കുക. ഭൂമി പതിച്ച്‌ കിട്ടിയാല്‍ 25 വര്‍ഷത്തേക്ക്‌ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥക്കും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. ഇതോടെ 1964 ലെ ഭൂ ചട്ടങ്ങള്‍ക്ക്‌ 2005 ലും 2009 ലും വരുത്തിയ ഭേതഗതിയാണ്‌ ഒഴിവാവുക. 2005 ലെ ഭേദഗതിപ്രകാരം ഒരേക്കര്‍ കൈവശാവകാശ ഭൂമിക്ക്‌ മാത്രമാണ്‌ പട്ടയം ലഭിക്കുക. 2009 ലെ ഭേതഗതി പ്രകാരം പട്ടയം ലഭിച്ച ഭൂമിയുടെ കൈമാറ്റം 25 വര്‍ഷത്തേക്ക്‌ തടയുന്നതാണ്‌.

ആറ്‌ മാസത്തിനുള്ളില്‍ നിയമസഭയില്‍ എത്തിച്ച്‌ ഈ വിജ്ഞാപനത്തിന്‌ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇടുക്കി, കോട്ടയം, വയനാട്‌ ജില്ലകളിലടക്കം റവന്യൂവനഭൂമികളില്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ക്ക്‌ നിയമസാധുത ലഭിക്കുന്ന സ്ഥിതി വിശേഷണാണുള്ളത്‌.

അതേസമയം സര്‍ക്കാര്‍ തീരുമാനം ഖേദകരമാണെന്ന്‌ ടി എന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ തീരദേശത്തുള്ളവരോടും മലയോരമേഖലയിലുള്ളവരോടും വ്യത്യസ്‌ത നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും തീരദേശ മേഖലയിലുള്ളവര്‍ക്ക്‌ പതിറ്റാണ്ടുകളുമയി പട്ടയം നല്‍കിയിട്ടില്ലെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു.