ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം: അന്വേഷണ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതിയില്‍ അനസ്‌തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗം മേധാവികളെയും ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്.

ഡോ.ആര്‍ എല്‍ സരിത, ഡോ.ശ്രീകുമാരി, ഡോ.ജി ഐ വിപിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. മുരുഗനെ പരിശോധിക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും വിവിധ ആശുപത്രികളില്‍ ഏതെല്ലാം തലത്തില്‍ വീഴ്ചകളുണ്ടായി എന്ന് സംഘം പരിശോധന നടത്തും.

സംഭവത്തില്‍ വ്യാഴാഴ്ച മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ മാപ്പ് ചോദിച്ചിരുന്നു. ആശുപത്രികളില്‍ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരതയാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.