കടലുണ്ടിക്കടവ്‌ പാലത്തില്‍ നിന്നും വീണ വള്ളിക്കുന്ന്‌ സ്വദേശിയായ യുവാവിനെ കാണാതായി

Story dated:Tuesday August 11th, 2015,09 54:am
sameeksha

Kadalundi_bridge copyവള്ളിക്കുന്ന്‌: കടലുണ്ടിക്കടവ്‌ പാലത്തിന്റെ മുകളില്‍ നിന്നും അഴിമുഖം ഭാഗത്തേക്ക്‌ വീണ യുവാവിനെ കാണാതായി. തിങ്കളാഴ്‌ച വൈകീട്ടോടെയോടെയാണ്‌ സംഭവം നടന്നത്‌. വള്ളിക്കുന്ന്‌ ആനങ്ങാടിക്ക്‌ സമീപം ആത്രപുളിക്കല്‍ ദേവദാസിന്റെ മകന്‍ തേജ്‌സ്‌(23)നെയാണ്‌ കാണാതായത്‌. അമ്മാവന്റെ മകനൊപ്പം കടലുണ്ടിക്കടവ്‌ പാലത്തിന്‌ മുകളിലെത്തിയ തേജസ്‌ കൈവരിക്ക്‌ മുകളിലിരുന്നു ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ വീഴുകയായിരുന്നെന്ന്‌ കണ്ടു നിന്ന നാട്ടുകാര്‍ പറഞ്ഞു.

ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ തോണി ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതെസമയം വേണ്ടത്ര സജ്ജീകരണമില്ലാതെ എത്തിയ പോലീസും ഫയര്‍ഫോഴ്‌സുമായി ജനങ്ങള്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും പാലം വഴിയുള്ള ഗതാഗതം ജനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്‌തു. രാത്രിയോടെ പോലീസ്‌ തിരച്ചില്‍ നിര്‍ത്തി. ചൊവ്വാഴ്‌ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന്‌ അറിയിച്ചു.

ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ തേജസ്‌ പി എസ്‌ സി പരീക്ഷയ്‌ക്ക്‌ തയ്യാറെടുത്തുവരികയായിരുന്നു.