ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:പോലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പെടെ ബന്ധുക്കളെ പോലീസ് അറ്‌സ്റ്റ് ചെയ്തു നീക്കി. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പി ഓഫിസിന് മുന്നിൽ സമരത്തിനെത്തിയത്. എന്നാൽ പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഏറെ നേരത്തേ സംഘർഷത്തിനൊടുവിലാണ് ജിഷ്ണുവിന്‍റെ ബന്ധിക്കളായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സമരം വിലക്കിയ മേഖലയാണ് ഡിജിപി ഓഫീസിന്റെ മുന്‍വശമെന്നാണ് പൊലീസ് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പ്രകടനം നടത്തിയതാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധം ഡിജിപി ഓഫീസിനു മുന്നിലേക്കു എത്തുന്നതിനു മുന്‍പ്  പൊലീസ് തടയുകയായിരുന്നു. നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയ പൊലീസ് ആസ്ഥാനത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു.

മകന്‍ മരിച്ച് മൂന്നു മാസം കഴിയുമ്പോളും പ്രതികളെ പിടികൂടാത്തതിലുള്ള പ്രതിഷേധത്തിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍. അഞ്ച് പ്രതികളില്‍ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും, പൊലീസിന്റെ നിലപാട് ഒത്തുകളിയാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്.