ജിഷ വധക്കേസ്‌; പ്രതി അമീറുളൂരിനെ പെരുമ്പാവൂരില്‍ എത്തിച്ച്‌ തെളിവെടുത്തു

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ  കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ളാമിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു. ജിഷയുടെ വീട്ടിലും വീടിന്റെ പരിസരത്തും തെളിവെടുത്തു. കൊല നടത്തിയ രീതിയും തുടര്‍ന്ന് രക്ഷപ്പെട്ട രീതിയും പ്രതി പൊലീസിന് വിവരിച്ചു കൊടുത്തു. ശേഷം രക്ഷപ്പെട്ട വഴിയിലും തെളിവെടുപ്പിനായി എത്തിച്ചു. തെളിവെടുപ്പിനു ശേഷം പ്രതിയെ പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.ഇന്നലെ രാത്രിയില്‍ രഹസ്യമായി പെരുമ്പാവുരിലെത്തിച്ച പ്രതിയെ ഇന്ന് രാവിലെയാണ് തെളിവെടുപ്പിനെത്തിച്ചത്.

അതേസമയം ജനം പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ച് കൂടിയതിനാല്‍ അമീറുള്‍ താമസിച്ച ലോഡ്ജില്‍ കൊണ്ട്വന്ന് തെളിവെടുക്കാനായില്ല. എന്നാല്‍ പ്രതിയെ കണ്ടെന്നു പറഞ്ഞ ആളുകളുടെ കടകളിലെത്തിച്ചു തെളിവെടുത്തു.  അമീറുള്‍ ചെരുപ്പ് വാങ്ങിയ കുറുപ്പംപടിയിലെ ചെരുപ്പ് കടക്കാരന്‍ നേരത്തെ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. ഈ ചെരുപ്പ് കടയിലും അമീറിനെ എത്തിച്ചു. സ്ഥിരമായി സാധനങ്ങള്‍  വാങ്ങാറുണ്ടായിരുന്ന പലചരക്ക് കടയിലും ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിലും  തെളിവെടുപ്പ് നടത്തി.

കേസില്‍ പൊലീസിന് പ്രധാന തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വസ്ത്രവും ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തത ലഭിച്ചതായി പറയുന്നു.

ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാല്‍ ഇയാളെ 5 ഇടങ്ങളില്‍ കൊണ്ടു ചെന്ന് തെളിവെടുപ്പ് നടത്താനായിരുന്നു പദ്ധതി.

 

Related Articles