68 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച 13 കാരി മരിച്ചു

jain-girlഹൈദരാബാദ്: 68 ദിവസത്തെ നിരാഹാര വ്രതം അനുഷ്ഠിച്ച പതിമൂന്ന് കാരി ആരാധ്യ മരിച്ചു. ജൈനമത വിശ്വാസിയായ പെണ്‍കുട്ടി ജൈന്‍ വിശ്വാസികളുടെ പുണ്യമാസമായ ചൗമാസയിലാണ് വ്രതമെടുത്തിരുന്നത്. ഉപവാസം അവസാനിപ്പിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുട്ടി മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

നൂറുകണക്കിനാളുകളാണ് ആരാധ്യയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. ബാലതപസ്വി എന്ന് ആരാധ്യയെ വിശേഷിപ്പിച്ച ശവസംസ്‌ക്കാര ഘോഷയാത്രക്ക് ശോഭയാത്ര എന്നാണ് ആളുകള്‍ വിശേഷിപ്പിച്ചത്.

ജ്വല്ലറി ഉടമകളായ ആരാധ്യയുടെ കുടുംബം സെക്കന്തരാബാദിനടുത്ത് പോര്‍ട്ട്ബസാറിലാണ് താമസിച്ചിരുന്നത്. ഇത്രയും കാലം നീണ്ടുനില്‍ക്കുന്ന ഉപവാസം നടത്താന്‍ കുട്ടിയെ കുടുംബം എന്തുകൊണ്ടാണ് അനുവദിച്ചതെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. സ്‌കൂളില്‍ പോലും പോകാതെയാണ് കുട്ടി ഉപവാസം അനുഷ്ഠിച്ചത്. ഇതിനു മുന്‍പ് ആരാധ്യ 41 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചിരുന്നു. ഇതെതുടര്‍ന്ന് യോഗങ്ങളിലും മറ്റും മതാചാര്യന്‍മാര്‍ ആരാധ്യയെ പുകഴ്ത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ടായിരുന്നു.അന്ന് കുട്ടിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തങ്ങള്‍ക്കൊന്നും ഒളിക്കാനില്ലെന്നും ആരാധ്യ ഉപവാസമനുഷ്ഠിക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. പലരും അവള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പോയി എന്നാല്‍ ഇപ്പോള്‍ ചിലര്‍ തങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും കുംബാംഗങ്ങള്‍ പറഞ്ഞു. വിവാഹ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള ആരാധ്യയുടെ ഫോട്ടോകള്‍ ഇതിന് മുന്‍പേ പുറത്തുവന്നിരുന്നു.

ആരാധ്യയുടെ ഉപവാസം 68 ാം ദിവസം തികച്ചതിന്റെ ആഘോഷങ്ങളില്‍ ഒരു തെലങ്കാന മന്ത്രി പദ്മ റാവുവും സെക്കന്തരാബാദ് എംഎല്‍എ ബിബി പട്ടീലും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

മുതിർന്നവർ അനുഷ്ഠിക്കേണ്ട വ്രതാനുഷ്ഠാനങ്ങൾ കുട്ടികൾ ആചരിക്കുന്നതിലും അത് മരണത്തിലേക്ക് നയിക്കുന്നതിലും അസ്വാഭാവികതയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.