ഇസ്ലാമിക ശരിയത്ത് നിയമത്തിനെതിരെ യുവതികള്‍ നഗ്നരായി പ്രതിഷേധിച്ചു

femin muslim girlഇസ്ലാമിക ശരിയത്ത് നിയമത്തിനെതിരെ യുവതികളുടെ നഗ്നതാ പ്രതിഷേധം. ഫെമിന്‍ സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇസ്ലാമിക ശരിയത്ത് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ഫെമിന്‍ സംഘടനയിലെ യുവതികള്‍ രംഗത്തെത്തിയത്.

ബര്‍ലിനില്‍ മുസ്ലീം ആഴ്ച ആഘോഷിക്കാനെത്തിയവര്‍ക്ക് ഇടയിലേക്കാണ് നഗ്നമായ ശരീരത്തില്‍ ശരിയത്ത് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി 3 യുവതികള്‍ ചാടി വീണത്. മുസ്ലീം സമുദായത്തിലെ അടിച്ചമര്‍ത്തല്‍ രീതികള്‍ക്കെതിരെയും ശരിയത്ത് നിയമത്തിനെതിരെയുമാണ് മുദ്രാവാക്യ വിളിയും, ബാനറുകളുമായും ഇവര്‍ പ്രതിഷേധം നടത്തിയത്.

ബര്‍ലിനിലെ ടൗണ്‍ ഹാളില്‍ ബര്‍ലിന്‍ ഇസ്ലാം വീക്ക് ആഘോഷിക്കുന്നതിനിടെയാണ് ഈ സഭവം. ഇത് കണ്ട് ആഘോഷത്തില്‍ പങ്കെടുത്തവര്‍ ഞെട്ടിത്തരിച്ചു. എന്നാല്‍ സംഘാടകര്‍ നിമിഷങ്ങള്‍ക്കകം തന്നെ ഇവരെ വലിച്ച് പുറത്താക്കുകയായിരുന്നു.

കിഴക്കന്‍ യൂറോപ്പിലാണ് ഫെമിന്‍ സംഘടനയുടെ നഗ്നതാ പ്രദര്‍ശനത്തിന്റെ തുടക്കം. തങ്ങള്‍ക്ക് ആവശ്യമായ നീതിയും സുരക്ഷയും നേടുന്നതിനായി പ്രമുഖ ചടങ്ങുകള്‍ക്കിടയിലേക്കും, ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കിടയിലേക്കും തുണിയില്ലാതെ മാറുകളിലും, ദേഹത്തും മുദ്രാവാക്യങ്ങളുമായി ചാടി വീണ് പ്രതിഷേധിക്കുകയാണ് ഫെമിന്‍ സംഘടനയുടെ രീതി.

അതേസമയം തങ്ങളുടെ ഈ പ്രതിഷേധം ശരിയത്ത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ക്ക് എതിരെയാണെന്നും ഇത്തരം നിയമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളാണെന്നും ഫെമിന്‍ സംഘടന തങ്ങളുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു.