സ്വര്‍ണ്ണക്കടത്ത്; ഒളിവിലുള്ളവരെ സംരക്ഷിക്കുന്നത് കോഴിക്കോട്ടെ പ്രമുഖരോ?

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ ചിലരെ അനേ്വഷണം ഊര്‍ജ്ജിതമായതോടെ ഒളിവില്‍ താമസിക്കാനും വിദേശത്തേക്ക് കടക്കാനും സഹായിച്ചത് കോഴിക്കോട്ടെ ചില പ്രമുഖരാണെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചതായി സൂചന.

ഈ കേസില്‍ ഇന്നലെ അറസ്റ്റിലായ കൊടുവള്ളിപഞ്ചായത്തംഗമായ ഫൈസല്‍ കാരാട്ട് പിടിയിലായതോടെ കോഴിക്കോട്ടെയും, കൊടുവള്ളിയിലെയും ചില പ്രമുഖര്‍ കൂടി ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിആര്‍ഐക്ക് സൂചന ലഭിച്ചു. ഈ കേസില്‍ ഡിആര്‍ഐ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച രണ്ടാം പ്രതി കൊടുവള്ളി സ്വദേശി അബുലായിസ്, മൂന്നാം പ്രതി അഞ്ചരകണ്ടി സ്വദേശി നബീല്‍ എന്നിവര്‍ ദുബായിലേക്ക് കടന്നതായാണ് വിവരം. ആറാം പ്രതി അഷറഫ് കോഴിക്കോട്ട് തന്നെ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ഉന്നതരുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന ഇവരെ ഉടനെ പിടികൂടാനാവുമെന്നാണ് ഡിആര്‍ഐയുടെ പ്രതീക്ഷ.

കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയെന്ന ആരോപണ വിധേയരായ ചില ജ്വല്ലറികളുടെ പേര് വിവരം പുറത്തറിയാതിരിക്കാനാണ് ഇവരെ മാറ്റിയതെന്ന സംശയവും ഡിആര്‍ഐക്കുണ്ട്.